തൃശൂര്‍: യുഡിഎഫ് പിന്തുണയില്‍ തൃശൂര്‍ അവിണിശ്ശേരി പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്. എല്‍ഡിഎഫിന്റെ എ.ആര്‍. രാജു പ്രസിഡന്റാകും. ബിജെപിയെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തതിനെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. കഴിഞ്ഞ തവണ ബിജെപി ഭരിച്ച പഞ്ചായത്തിലാണ് യുഡിഎഫിന്റെ മൂന്ന് അംഗങ്ങള്‍ ഇടതിന് അനുകൂലമായി വോട്ട് ചെയ്തത്.
അവിണിശ്ശേരി പഞ്ചായത്തില്‍ ആകെ ഉള്ള 14 സീറ്റുകളില്‍ ബിജെപി ആറ്, എല്‍ഡിഎഫ് അഞ്ച്, യുഡിഎഫ് മൂന്ന് എന്നിങ്ങനെയാണ് കക്ഷി നില. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ്, എല്‍ഡിഎഫിന് വോട്ട് ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ വേണ്ട എന്ന നിലപാട് സ്വീകരിച്ച് എല്‍ഡിഎഫ് പ്രസിഡന്റ് പദവി രാജിവയ്ക്കുകയാണ് ഉണ്ടായത്.
തുടര്‍ന്ന് മാറ്റിവച്ച പ്രസിഡന്റ് തെരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്. എന്നാല്‍ യുഡിഎഫ് പിന്തുണയോടെതന്നെ എല്‍ഡിഎഫ് ഭരണത്തിലെത്തി. ജനവിധിയെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് ബിജെപി വിമര്‍ശിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ യുഡിഎഫിന് ഭരണം
മധ്യകേരളത്തില്‍ കഴിഞ്ഞ തവണ അധികാരത്തിലിരുന്ന ഏക പഞ്ചായത്ത് ഭരണമാണ് യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തതോടെ ബിജെപിക്ക് നഷ്ടമായത്. പഞ്ചായത്ത് ഭരണം കൃത്യമായി നടക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും രാഷ്ട്രീയം കാണുന്നില്ലെന്നുമായിരുന്നു യുഡിഎഫിന്റെ പ്രതികരണം.
Discussion about this post