ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത് ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിൻ. വാക്സിൻ വിരുദ്ധർക്കുള്ള പ്രധാനമന്ത്രിയുടെ പരോക്ഷമായ മറുപടിയായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. കൊവാക്സിന്റെ ഫലപ്രാപ്തിയിൽ പ്രതിപക്ഷത്തെ ചില നേതാക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വാക്സിന് നല്‍കിയ സംഘത്തില്‍ മലയാളിയുടെ സാന്നിദ്ധ്യവും ശ്രദ്ധേയമായി. തൊടുപുഴ സ്വദേശി റോസമ്മ അനിലാണ് സംഘത്തിലുണ്ടായിരുന്നത്. പുതുച്ചേരി സ്വദേശി നിവേദയാണ് പ്രധാനമന്ത്രിക്ക് ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകിയത്.
വാക്സിൻ സ്വീകരിച്ച വിവരം പ്രധാനമന്ത്രി തന്നെയാണ് ട്വിറ്ററിൽ പങ്കു വെച്ചത്. കൊവിഡ് 19നെതിരായ പോരാട്ടത്തിൽ ആരോഗ്യ പ്രവർത്തകരും ശാസ്ത്രജ്ഞരും പ്രകടിപ്പിച്ച പോരാട്ട വീര്യം അതുല്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അർഹരായ എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. നമുക്ക് ഒരുമിച്ച് ഇന്ത്യയെ കൊവിഡ് മുക്തമാക്കാം എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
പ്രധാനമന്ത്രി പങ്കു വെച്ച ചിത്രത്തിൽ വാക്സിൻ നൽകുന്ന നിവേദക്ക് സമീപം റോസമ്മ നിൽക്കുന്നത് കാണാം. വാക്സിന് സ്വീകരിച്ച് അരമണിക്കൂറിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശുപത്രി വിട്ടത്. വാക്സിന് രണ്ടാംഘട്ട വിതരണത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച രാവിലെ ഡല്‍ഹി എയിംസിലെത്തിയാണ് അദ്ദേഹം ആദ്യ ഡോസ് സ്വീകരിച്ചത്.
Discussion about this post