തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്സിൻ സ്വീകരിച്ചതോടെ രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷന് വൻ തിരക്ക്. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയും ഇന്ന് വാക്സിൻ സ്വീകരിച്ചേക്കും. മുഖ്യമന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളേജിലും ആരോഗ്യ മന്ത്രി ജനറൽ ആശുപത്രിയിലും ആയിരിക്കും കുത്തിവയ്പ് എടുക്കുക.
ഇന്ത്യ സമ്പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത്. എന്നാൽ പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട്- ഓക്സ്ഫഡ് ആസ്ട്രാസെനിക്ക സംരംഭമായ കൊവിഷീൽഡ് വാക്സിനാണ് രണ്ടാം ഘട്ടത്തിലേക്കായി കേരളത്തിൽ കൂടുതൽ എത്തിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും കൊവിഷീൽഡ് വാക്സിനായിരിക്കും സ്വീകരിക്കുക.
പ്രധാനമന്ത്രി വാക്സിൻ സ്വീകരിച്ച പശ്ചാത്തലത്തിൽ അറുപത് വയസ് കഴിഞ്ഞവരുടെ വാക്സിൻ സ്വീകരണത്തിന് രാജ്യത്താകമാനം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വാക്സിനോട് ആദ്യം വിമുഖത കാട്ടിയ സംസ്ഥാനത്തും വാകിനേഷന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പല ജില്ലകളിലും പ്രതീക്ഷിച്ചതിലും കൂടുതൽ പേർ ഇന്നലെ വാക്സിനെടുത്തു. 45 നു മുകളിൽ പ്രായമുള്ള ഗുരുതര രോഗങ്ങളുള്ളവരും വാക്സിൻ എടുക്കുന്നുണ്ട്.
Discussion about this post