കൊച്ചി: താത്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള സംസ്ഥാന സർക്കാർ നീക്കത്തിന് കനത്ത തിരിച്ചടി. താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി മരവിപ്പിച്ചു. സ്വയംഭരണസ്ഥാപനങ്ങളില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാണ് ഹൈക്കോടതി മരവിപ്പിച്ചത്.
വിവിധ റാങ്ക് ലിസ്റ്റുകളില്‍ ഉല്‍പ്പെട്ടവര്‍ നല്‍കിയ ആറ് ഹർജികൾ പരിഗണിച്ചുകൊണ്ടാണ് കേരള ഹൈക്കോടതിയുടെ നിർണ്ണായക നടപടി. പത്ത് വര്‍ഷമായി താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലിയില്‍ തുടരുന്നവരെ ‘മാനുഷിക പരിഗണന’ വച്ച് സ്ഥിരപ്പെടുത്തുകയായിരുന്നു എന്നാണ് സർക്കാർ അറിയിച്ചത്. പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലനിൽക്കവെ താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയ നടപടിക്ക് ഒരു തരത്തിലും നീതീകരണമില്ലെന്ന ഹർജിക്കാരുടെ വാദം പരോക്ഷമായി ഹൈക്കോടതി അംഗീകരിച്ചു.
കേസ് 12ആം തീയതി കോടതി വീണ്ടും പരിഗണിക്കും. ഇതിനോടകം സ്ഥിരപ്പെടുത്തൽ നടപ്പാക്കിയ തസ്തികകൾക്ക് ഈ ഉത്തരവ് ബാധകമല്ല. ഇനിയും നടപടിക്രമങ്ങൾ പൂർത്തീകരിക്കാത്ത സ്ഥിരപ്പെടുത്തലുകളിൽ അടുത്ത ഉത്തരവ് വരുന്നത് വരെ തുടർ നടപടികൾ പാടില്ലെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾക്കും ഇഷ്ടക്കാരെ സ്ഥിരപ്പെടുത്തലുകൾക്കും ഏറ്റ കനത്ത പ്രഹരമായാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ് വിലയിരുത്തപ്പെടുന്നത്.
Discussion about this post