കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യുന്ന അഡ്വ.ദിവ്യ സിപിഎം പ്രവർത്തകയെന്ന് സൂചന. ‘ഉറപ്പാണ് എൽഡിഎഫ്‘ എന്ന സിപിഎം പ്രചാരണ വാചകം ഏറ്റെടുത്ത് ദിവ്യയുടെ ഭർത്താവ് അഡ്വ. എം.പി അനൂപ് പങ്കു വെച്ച ചിത്രങ്ങൾ വിവാദമാകുന്നു. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് എം.പി അനൂപ്. ഓട്ടോറിക്ഷകൾ ഉപയോഗിച്ചുള്ള സിപിഎമ്മിന്റെ പ്രചാരണവും അനൂപ് ഫേസ്ബുക്കിൽ പ്രചരിപ്പിച്ചിരുന്നു.
സ്വർണക്കടത്തിൽ സിപിഎമ്മിനെ ന്യായീകരിക്കുന്ന പോസ്റ്റുകളാണ് അനൂപ് നിരന്തരമിട്ടിരുന്നത്. ദിവ്യയ്ക്ക് സമൻസ് ലഭിച്ചതിന് പിന്നാലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തെ വിമർശിച്ച് പോസ്റ്റിടുകയും പിന്നീട് വിവാദമായപ്പോൾ അത് പിൻവലിക്കുകയും ചെയ്തിരുന്നു.
വിമാനം പറക്കുന്നത് വീട്ടിൽ നിന്നും മുകളിലേക്ക് നോക്കി മാത്രം കണ്ടിട്ടുള്ള തന്റെ ഭാര്യയ്ക്ക് കസ്റ്റംസ് സമൻസ് അയച്ചു. അതുകൊണ്ട് മുഖ്യമന്ത്രിക്കെതിരെ പറയുന്ന എല്ലാ ആരോപണങ്ങളും അർഹിക്കുന്ന വിലയിൽ പുച്ഛിച്ച് തള്ളുന്നുവെന്നായിരുന്നു അനൂപിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
നിലവിൽ സ്വർണക്കടത്ത് കേസിൽ മൊഴി നൽകാനായി ദിവ്യ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായിട്ടുണ്ട്. ദിവ്യയുടെ പക്കൽ ഒൻപത് സിം കാർഡുകളുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. സ്വപ്‌ന സുരേഷിനും സ്പീക്കർ പി. ശ്രീരാമകൃഷ്ണനുമിടയിൽ ഇടനിലക്കാരിയായി പ്രവർത്തിച്ചത് ദിവ്യയാണെന്നാണ് കസ്റ്റംസിന്റെ നിഗമനം.
Discussion about this post