തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എൽ സി- പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കണമെന്ന നിർദേശവുമായി സംസ്ഥാന സർക്കാർ. അടുത്ത മാസം നടക്കാനിരിക്കുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെയ്ക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം പരീക്ഷകൾ നടത്താമെന്നാണ് സർക്കാരിന്റെ നിർദ്ദേശം.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഈ മാസം 17ന് ആരംഭിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് പരീക്ഷകളുടെ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാലാണ് മാറ്റിവെക്കാൻ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
അദ്ധ്യാപകർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാലാണ് പരീക്ഷ മാറ്റിവെക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രിൽ ആറിനാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. പോളിംഗ് ഒറ്റ ഘട്ടത്തിലായതിനാൽ ബൂത്തുകളുടെ എണ്ണത്തിലും വർദ്ധനവ് വരുത്താൻ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം പരീക്ഷകൾ നടത്താമെന്നാണ് സർക്കാർ പറയുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.
Discussion about this post