കൊൽക്കത്ത: നന്ദിഗ്രാമിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് മടങ്ങവെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ അജ്ഞാത സംഘം ആക്രമിച്ചതായി പരാതി. മടങ്ങാനൊരുങ്ങവെ നാലഞ്ച് പേര്‍ ചേര്‍ന്ന് തന്നെ കാറിനകത്തേക്ക് പിടിച്ചുതള്ളുകയായിരുന്നെന്ന് മമത പറഞ്ഞു.
അജ്ഞാത സംഘം കാറിന്റെ ഡോര്‍ വലിച്ചടച്ചപ്പോൾ കാലിന് പരിക്കേറ്റെന്നും മമത പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണം തത്കാലത്തേക്ക് മാറ്റിവെച്ച മമത ചികില്‍സക്കായി മമത കൊൽക്കത്തയിലേക്ക് മടങ്ങി. തെരഞ്ഞെടുപ്പ് കമ്മീഷന് അവർ ഇതു സംബന്ധിച്ച് പരാതി നൽകി.
അതേസമയം സഹതാപ തരംഗം ഉണ്ടാക്കി വോട്ട് പിടിക്കാനുള്ള മമതയുടെ ശ്രമത്തിന്റെ ഭാഗമാണ് ഇതൊക്കെയെന്ന് ബിജെപി ആരോപിച്ചു. അവര്‍ നാടകമാണ് നടത്തുന്നത്. 300ഓളം പൊലീസുകാരാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത്. അവര്‍ ആക്രമിക്കപ്പെട്ടുവെങ്കില്‍ ഇതുമായി ബന്ധപ്പെട്ട് പൊലീസ് ആരെയും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി നേതാവ് അര്‍ജുന്‍ സിങ് ചോദിച്ചു. സംഭവം നടന്ന സമയത്ത് ഒപ്പം പൊലീസുകാർ ഉണ്ടായിരുന്നില്ലെന്ന് മമത തന്നെ പറയുന്നു. പൊലീസിന്റെയും സാക്ഷികളുടെയും അസാന്നിദ്ധ്യം ദുരൂഹമാണെന്നും ബിജെപി ആരോപിക്കുന്നു.
Discussion about this post