ശിവരാത്രി ദിനത്തിൽ ശിവസൂത്രവും പഞ്ചാക്ഷരിയും ജപിച്ച് നടൻ മോഹൻലാൽ. ശൈവ ചിന്തയെ ആസ്പദമാക്കി മലയാളത്തിൽ പുറത്തിറങ്ങുന്ന ശിവം എന്ന ശൈവ ശാക്ത തന്ത്ര മാസികയുടെ ഉദ്ഘാടന സന്ദേശത്തിലാണ് മോഹൻലാൽ ശിവസൂത്രത്തിലെ ആദ്യ സൂത്രം ആയ ‘ചൈതന്യം ആത്മ’ യും ശിവ പഞ്ചാക്ഷരിയും ജപിച്ചത്.
https://www.facebook.com/watch/?v=3708585872524371
അരാണ് ഈശ്വരൻ എന്ന ചോദ്യത്തിന് അവബോധമാണ് ഈശ്വരൻ എന്ന് മറുപടി നൽകിയവരാണ് നമ്മൾ. ബോധത്തിന് നാം കൊടുത്ത പേരാണ് ശിവം. ലോകത്തെ ആദ്യത്തെ ആദ്ധ്യാത്മിക തത്വചിന്തയുടെ പേരും ശൈവം എന്നു തന്നെയാണ്. ബോധപ്രകാശിതമായ തത്വചിന്ത എന്നാണ് ഇതിന് പണ്ഡിതർ നൽകിയ വിശേഷണം. ഈ മഹത്ചിന്തയെ ശിവം എന്ന ഓൺലൈൻ മാസികയുടെ രൂപത്തിൽ ഈ ശിവരാത്രി ദിനത്തിൽ താൻ പ്രകാശനം ചെയ്യുന്നതായി മോഹൻലാൽ അറിയിക്കുന്നു.
തന്ത്രശാസ്ത്രസംബന്ധിയായ നിരവധി ലേഖനങ്ങളും വീഡിയോ പംക്തികളും ഉൾക്കൊള്ളിച്ചുകൊണ്ടാണ് ശിവം എന്ന പേരിലുള്ള മാസിക തയ്യാറാക്കുന്നത്. വിദേശ സർവ്വകലാശാലകളായ ഓക്സ്ഫോഡ്, ഷിക്കാഗോ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ, തുടങ്ങിയവയും അലക്ക്സിസ് സാൻഡേഴ്സൺ, ആന്ദ്രേ പഡോക്ക്സ്, ബെറ്റിന ശാരദാ ബോമർ , ഷാമൻ ഹാറ്റ്ലി, സ്ക്കസാബാ കിസ്, മാർക്ക് ഡസ്ക്കോവസ്ക്കി തുടങ്ങിയ പാശ്ചാത്യരായ നിരവധി പണ്ഡിതന്മാരും അത്ഭുതാദരവുകളോടെ പഠിക്കുന്ന കാശ്മീരശൈവം എന്ന തന്ത്രപദ്ധതി അതിന്റെ ജന്മനാടായ ഭാരതത്തിൽ പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇങ്ങനെയൊരു ഉദ്യമവുമായി മുന്നോട്ടു വന്നത് എന്നു മാസികയുടെ ചീഫ് എഡിറ്ററായ ആർ. രാമാനന്ദ് പറയുന്നു.
ശിവരാത്രി ദിനത്തിൽ പഞ്ചാക്ഷര മന്ത്ര ജപത്തോടെയാണ് മോഹൻലാൽ വീഡിയോ സന്ദേശം അവസാനിപ്പിക്കുന്നത്.
Discussion about this post