പത്തനംതിട്ട: ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തിനെതിരെ നിശിത വിമർശനവുമായി പന്തളം കൊട്ടാരം. മന്ത്രിയുടെ ഖേദപ്രകടനം പുച്ഛിച്ചു തള്ളുന്നുവെന്നും വിഷയത്തിൽ നിലപാട് പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും കൊട്ടാരം അറിയിച്ചു.
ശബരിമലയിലെ യുവതീപ്രവേശനത്തിൽ ഖേദം പ്രകടിപ്പിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത് ഭക്തരെ കബളിപ്പിക്കാൻ തിരഞ്ഞെടുപ്പുകാലത്ത് നടത്തുന്ന ചെപ്പടിവിദ്യ മാത്രമാണ്. ജനങ്ങളെ നേരിടാൻ ജാള്യമുള്ളതിനാൽ പുതിയ മാർഗം തേടുകയാണെന്നും പന്തളം കൊട്ടാരം നിർവാഹകസമിതി പരിഹസിച്ചു.
സുപ്രീംകോടതിയിൽ ശബരിമല വിഷയത്തിൽ ഭക്തരെ അനുകൂലിച്ച് പുതിയ സത്യവാങ്മൂലം നൽകണം. ആത്മാർഥതയുണ്ടെങ്കിൽ ഇനിയൊരിക്കലും ക്ഷേത്രാചാരലംഘനം നടത്തില്ലെന്ന് ഇടതുമുന്നണി പരസ്യ പ്രഖ്യാപനം നടത്തണം. അയ്യപ്പഭക്തർക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞതുപോലും സർക്കാർ നടപ്പാക്കിയില്ല. മന്ത്രിയുടെ പ്രസ്താവനയെ വിശ്വാസികൾ പുച്ഛിച്ചു തള്ളുമെന്നും പന്തളം കൊട്ടാരം നിർവാഹകസമിതി വ്യക്തമാക്കി.
Discussion about this post