തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹാർദപരമായിരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രചാരണത്തിന് ഉപയോഗിക്കാൻ പാടില്ലാത്ത വസ്തുക്കളുടെ പട്ടിക കമ്മീഷൻ പുറത്തിറക്കി. പ്രചാരണത്തിന് പി.വി.സി ഫ്ളക്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടി-തോരണങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ അനുമതിയില്ല.
പി.വി.സി പ്ലാസ്റ്റിക് കലര്‍ന്ന കൊറിയന്‍ ക്ലോത്ത്, നൈലോണ്‍, പൊളിസ്റ്റര്‍, പൊളിസ്റ്റര്‍ തുണികള്‍ തുടങ്ങി പ്ലാസ്റ്റിക് അംശമോ കോട്ടിങ്ങോ ഉള്ള പുന:ചംക്രമണത്തിന് സാധ്യതയില്ലാത്ത ബാനറുകള്‍, ബോര്‍ഡുകള്‍ തുടങ്ങി എല്ലാവിധ സാമഗ്രികളും പ്രചരണത്തില്‍ നിന്ന് ഓഴിവാക്കണം. നൂറ് ശതമാനം കോട്ടണ്‍ ഉപയോഗിച്ച് അച്ചടിക്കുന്ന ബാനറുകളോ ബോര്‍ഡുകളോ മാത്രമേ പ്രചരണ പരിപാടികള്‍ക്ക് ഉപയോഗിക്കാന്‍ പാടുള്ളൂ. റീസൈക്ലബിള്‍, പി.വി.സി ഫ്രീ എന്ന ലോഗോയും ഉപയോഗം അവസാനിക്കുന്ന തീയ്യതിയും പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും പ്രിന്റിമ്ഗ് നമ്പറും നിര്‍ബന്ധമായും പ്രചരണ സാമഗ്രികളില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗം കണ്ടെത്തിയാല്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിയമ നടപടികള്‍ സ്വീകരിക്കും. പുന: ചംക്രമണയോഗ്യമായ പ്രചരണ സാമഗ്രികള്‍ ഉപയോഗ ശേഷം അതാത് രാഷ്ട്രീയ പാര്‍ട്ടികള്‍ ശേഖരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കര്‍മ്മസേന മുഖാന്തിരം സര്‍ക്കാര്‍ കമ്പനിയായ ക്ലീൻ കേരള കമ്പനി ലിമിറ്റഡിന് കൈമാറണം.
രാഷ്ട്രീയപാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ഓഫീസുകള്‍ അലങ്കരിക്കുന്നതിന് പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം.പോളിങ് ബൂത്തുകള്‍ സജ്ജീകരിക്കുമ്പോൾ നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ ഓഴിവാക്കണം. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികളില്‍ ഹരിതചട്ടം കര്‍ശനമായി പാലിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
Discussion about this post