കൊൽക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാലിൽ പരിക്കേറ്റ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് മുതൽ വീണ്ടും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങും. വീൽചെയറിൽ ഇരുന്നാകും മമത പ്രചാരണം നടത്തുക.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നന്ദിഗ്രാമിൽ വെച്ചാണ് മമതക്ക് പരിക്കേറ്റത്. ആൾക്കൂട്ടത്തിനിടയിൽ നിന്നും തന്നെ ആരോ പിടിച്ചു തള്ളിയതായി മമത ബാനർജി പറഞ്ഞിരുന്നു. അപകടത്തിൽ മമതയുടെ കാലിനും മുഖത്തും ചുമലിനും പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നിൽ ബിജെപിയാണെന്ന് മമത ആരോപിച്ചിരുന്നു. എന്നാൽ ബിജെപി ആരോപണം നിഷേധിച്ചിരുന്നു.
മമതയോട് ചില ചോദ്യങ്ങൾ ബിജെപി ഉന്നയിച്ചിരുന്നു. എവിടെയായിരുന്നു മുഖ്യമന്ത്രിക്ക് അകമ്പടി പോകുന്ന ആംബുലൻസ്? അടിയന്തര സാഹചര്യം വന്നാൽ മുഖ്യമന്ത്രിയെ പ്രവേശിപ്പിക്കാൻ സജ്ജീകരിച്ചിരുന്ന ആശുപത്രി ഏതായിരുന്നു? എന്തു കൊണ്ടാണ് പരിക്ക് പറ്റിയെങ്കിലും അതുമായി കൊൽക്കത്ത വരെ മമത യാത്ര ചെയ്തത്? മമതയുടെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന പൊലീസുകാർ എന്തു ചെയ്യുകയായിരുന്നു? ഈ ചോദ്യങ്ങളാണ് ബിജെപി ഉന്നയിച്ചത്.
അതേസമയം മമതയുടെ വാഹനം അപകടത്തിൽ പെട്ടു എന്നായിരുന്നു ദൃക്സാക്ഷി നൽകിയ മൊഴി. കൂടാതെ ജനക്കൂട്ടം തിക്കിത്തിരക്കുന്നതിനിടയിൽ മമത വാഹനത്തിന്റെ മുൻ വശത്ത് എഴുന്നേറ്റ് നിന്ന് കൈവീശി കാണിക്കുന്നതും തിക്കിലും തിരക്കിലും പെട്ട് അവർ വാഹനത്തിനുള്ളിലേക്ക് വീഴുന്നതുമായ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
മമതയുടെ പരിക്ക് അപകടത്തെ തുടർന്നായിരുന്നു എന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകരും വ്യക്തമാക്കിയിരുന്നു. 2011ലും സമാനമായ ആരോപണം മമത ബാനർജി ഉന്നയിച്ചിരുന്നു. തന്നെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നായിരുന്നു മമതയുടെ അന്നത്തെ ആരോപണം.
അതേസമയം മമതയുടെ വീൽചെയർ പ്രചാരണത്തെ പരിഹസിച്ച് സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകളും കമന്റുകളും നിറയുകയാണ്. മമതയുടെ അഭിനയം ബംഗാളിലെ വിഖ്യാതരായ നാടക കലാകാരന്മാരോടുള്ള അവഹേളനമാണെന്നും അറിയാത്ത പണിക്ക് നിൽക്കരുത് എന്നുമാണ് ചിലർ നൽകുന്ന ഉപദേശം. സഹതാപം പിടിച്ചു പറ്റാൻ അഭിനയിക്കുന്നത് കോൺഗ്രസ് അടക്കം പരീക്ഷിച്ച് പരാജയപ്പെട്ട എൺപതുകളിലെ തന്ത്രമാണെന്നും ബംഗാളി ജനതയുടെ കാഴ്ചപ്പാടിനെ വിലകുറച്ച് കാണരുതെന്നും ചിലർ അഭിപ്രായപ്പെടുന്നു.
മമതയുടെ അഭിനയം 2011ലെ അഭിനയത്തിന്റെ അത്ര പോരെന്നായിരുന്നു ചിലരുടെ പരിഹാസം.
Discussion about this post