എറണാകുളം: കേരളത്തിലേക്ക് വൻ തോതിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതി പിടിയിൽ. ഇടുക്കി തൊടുപുഴ കുമ്മന്‍കല്ല് തൊട്ടിയില്‍ വീട്ടില്‍ അമ്മായി റസൽ എന്നറിയപ്പെടുന്ന റസലാണ് പിടിയിലായത്. ആയിരക്കണക്കിന് കിലോ കഞ്ചാവാണ് നാലു വര്‍ഷത്തിനുള്ളില്‍ ഇയാള്‍ കേരളത്തിലെത്തിച്ച് വിതരണം നടത്തിയതെന്നാണ് വിവരം.
മൂന്നു ദിവസം നീണ്ടു നിന്ന തിരച്ചിലിനൊടുവിൽ ഇടുക്കി വനമേഖലയിലെ തോപ്രാംകുടി മേലെചാന്നാര്‍ ഭാഗത്തുള്ള ഒളിസങ്കേതത്തില്‍ നിന്നും റസലിനെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ നവംബറില്‍ രണ്ട് ആഡംബരക്കാറുകളില്‍ കടത്തുകയായിരുന്ന 105 കിലോ കഞ്ചാവ് അങ്കമാലി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്ത് വച്ച് പൊലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ കേരളത്തിലേയ്ക്കുളള കഞ്ചാവ് വിതരണത്തിന്‍റെ പ്രധാന കേന്ദ്രം ഉത്തര ആന്ധ്രയിലുളള പാഡേരു എന്ന ഗ്രാമം ആണെന്ന് കണ്ടെത്തി. ഇവിടെ നിന്നാണ് കേരളം ,തമിഴ്നാട്, കര്‍ണാടക ,ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ മുതലായ സംസ്ഥാനങ്ങളിലേയ്ക്ക് കഞ്ചാവ് എത്തിക്കുന്നത്. കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാനികളും മൊത്ത വിതരണക്കാരുമായ ആറ് പേർ ഇതിനോടകം പിടിയിലായിരുന്നു.
തൊടുപുഴ സ്വദേശി അന്‍സില്‍, കുഞ്ഞുമൊയ്തീന്‍, വെള്ളത്തോള്‍ സ്വദേശി ചന്തു എന്നിവരില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റസലിനെ പിടികൂടിയിരിക്കുന്നത്.
Discussion about this post