തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ എണ്ണം സംസ്ഥാന സർക്കാർ പെരുപ്പിച്ചു കാട്ടുന്നതായി ആരോപണം. സംസ്ഥാനത്തെ 1,13,537 വിദ്യാർഥികളുടെ ആധാർ വിവരങ്ങൾ ഇനിയും പൊതുവിദ്യാഭ്യാസ വകുപ്പ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ആരോപണം ഉയരുന്നത്.
സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ സമ്പൂർണ പോർട്ടലിൽ ശരിയായ ആധാർ വിവരങ്ങൾ നൽകിയാലേ വിദ്യാർഥികളുടെ എൻറോൾമെന്റ് കണക്കുകൾ കണ്ടെത്താനാകൂ. തെറ്റായ ആധാർ വിവരങ്ങൾ നൽകിയ 46,147 വിദ്യാർഥികളുടെ വിവരങ്ങൾ വ്യാജമാണെന്നും 91,860 വിദ്യാർഥികളുടെ ആധാർ വിവരങ്ങൾ സംശയാസ്പദമാണെന്നും കൈറ്റ് ചൂണ്ടിക്കാട്ടുന്നു. 2019-20 വർഷത്തെ വ്യാജ ആധാർ വിവരങ്ങൾ ക്രോഡീകരിക്കാനും കുട്ടികളുടെ എണ്ണം കൃത്യമാക്കാനും ആവശ്യപ്പെട്ട് കൈറ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ഒരു വർഷം മുൻപ് കത്തയച്ചിരുന്നു. എന്നാൽ സർക്കാർ ഇതിൽ ഇതു വരെയും നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് വിവരാവകാശ പ്രവർത്തകർ വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 6.8 ലക്ഷം കുട്ടികൾ പുതുതായി ചേർന്നുവെന്ന് അവകാശപ്പെടുന്ന സർക്കാർ വിദ്യാർഥികളുടെ ഈ വ്യാജവിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടാകുമെന്നാണ് വിവരം. ഈ സാഹചര്യത്തിൽ വിദ്യാർഥികളുടെ യഥാർഥ എൻറോൾമെന്റ് സംബന്ധിച്ച കണക്കുകൾ കണ്ടെത്താൻ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കണമെന്നും ആറാം പ്രവൃത്തിദിനത്തിലെ തലയെണ്ണൽ പുനഃസ്ഥാപിക്കണമെന്നും സേവ് എജ്യുക്കേഷൻ കമ്മിറ്റി ആവശ്യപ്പെടുന്നു.
Discussion about this post