ചണ്ഡീഗഢ്: പതിമൂന്നുകാരനായ വിദ്യാർത്ഥിയെ വിവാഹം കഴിച്ച് കൂടെ താമസിപ്പിച്ച് അധ്യാപിക. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. മംഗല്യദോഷം മാറാനാണ് പതിമൂന്നുകാരനായ വിദ്യാർത്ഥിയെ ട്യൂഷൻ അധ്യാപിക വിവാഹം കഴിച്ചത്.
സംഭവത്തിൽ വിദ്യാർഥിയുടെ കുടുംബം പോലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് നടപടിയെടുക്കുന്നില്ല എന്ന് ആരോപണമുണ്ട്. മംഗല്യദോഷം മാറാൻ ഒരു ആൺകുട്ടിയെ കൊണ്ട് യുവതിയുടെ പ്രതീകാത്മക വിവാഹം നടത്തണമെന്ന് പുരോഹിതൻ നിർദേശിച്ചു. തുടർന്ന് തന്റെ ട്യൂഷൻ ക്ലാസിലെ വിദ്യാർഥിയായ 13-കാരനെ അധ്യാപിക വിവാഹം കഴിക്കുകയായിരുന്നു.
പഠനാവശ്യങ്ങൾക്കായി വിദ്യാർഥിയെ ഒരാഴ്ച വീട്ടിൽ താമസിപ്പിക്കണമെന്ന് അധ്യാപിക 13-കാരന്റെ വീട്ടുകാരോട് പറഞ്ഞു. ഇത് സമ്മതിച്ച വിദ്യാർത്ഥിയുടെ വീട്ടുകാർ കുട്ടിയെ അദ്ധ്യാപികയുടെ വീട്ടിൽ നിർത്താൻ സമ്മതിച്ചു. തുടർന്ന് വിവാഹവും മറ്റു ചടങ്ങുകളും നടന്നു. ചടങ്ങുകൾക്ക് ശേഷം അധ്യാപിക വളകൾ തച്ചുടച്ച് സ്വയം വിധവയായി പ്രഖ്യാപിച്ചു.
ചടങ്ങുകൾക്ക് ശേഷം വീട്ടിലെത്തിയ വിദ്യാർത്ഥി സംഭവങ്ങളെക്കുറിച്ച് മാതാപിതാക്കളോട് പറയുകയായിരുന്നു. 13കാരനെ വിവാഹം കഴിപ്പിച്ചത് കൂടാതെ ജോലികൾ ചെയ്യിച്ചതായും കാട്ടി വീട്ടുകാർ പൊലീസിൽ പരാതി നൽകി. എന്നാൽ പൊലീസ് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് കുട്ടിയുടെ കുടുംബം. സംഭവത്തിന് ശേഷം പരിഭ്രാന്തി പ്രകടിപ്പിക്കുന്ന വിദ്യാർത്ഥി മാനസികമായി അസ്വസ്ഥനാണെന്ന് ബന്ധുക്കൾ പറയുന്നു.
Discussion about this post