തിരുവനന്തപുരം: ആശിച്ച് സ്വന്തമാക്കിയ വീട്ടിൽ താമസിക്കാൻ പറ്റാതായതോടെ കമ്മ്യൂണിസ്റ്റുകാർക്ക് പ്രവേശനമില്ലെന്ന ബോർഡ് വീടിനു മുന്നിൽ സ്ഥാപിച്ച് മുൻ സിപിഎം പ്രവർത്തകൻ. വെളളനാട് ഇടശേരി സാരംഗില്‍ ശ്രീകണ്‌ഠന്‍ നായർക്കാണ് പാർട്ടിക്കാരുടെ ദ്രോഹം നിമിത്തം ഇത്തരമൊരു ബോർഡ് വീടിനു മുന്നിൽ സ്ഥാപിക്കേണ്ടി വന്നിരിക്കുന്നത്.
വീട് വയ്‌ക്കാന്‍ ആരംഭിച്ചത് മുതല്‍ ഓരോ ഘട്ടത്തിലും കമ്യൂണിസ്റ്റുകാര്‍ അത്രത്തോളം ദ്രോഹിച്ചുവെന്ന് ശ്രീകണ്‌ഠന്‍ നായര്‍ പറയുന്നു. 2009 ലാണ് വെളളനാട് ബസ് സ്റ്റാൻഡിന് സമീപം ശ്രീകണ്‌ഠന്‍ നായര്‍ രണ്ട് സെന്റ് ഭൂമി വാങ്ങിയത്. സമീപവാസിയായ ഒരാള്‍ വാങ്ങാന്‍ താല്പര്യം കാട്ടിയ ഭൂമിയായിരുന്നു ഇത്. അതുകൊണ്ട് തന്നെ തടസമൊന്നുമില്ലാതെ വീട് നിര്‍മ്മിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെയും സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുടെയും സഹായം ശ്രീകണ്ഠന്‍ നായര്‍ തേടി.
എന്നാല്‍ അവര്‍ ശ്രീകണ്ഠന്‍ നായരെ സഹായിച്ചില്ലെന്ന് മാത്രമല്ല ദ്രോഹിക്കുകയാണുണ്ടായത്. പഴയ വീട് പൊളിച്ച് പുതിയ വീടിന്റെ നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ പഞ്ചായത്ത് ആദ്യം സ്റ്റോപ് മെമ്മോ നല്‍കി. പിന്നാലെ വൈദ്യൂതി കണക്ഷനും പൈപ്പ് കണക്ഷനുമെല്ലാം പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് തടഞ്ഞു . അന്ന് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന കടകംപളളി സുരേന്ദ്രനോട് ഇതിനെപറ്റി പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.
പിന്നീട് അദാലത്തില്‍ പരാതി നല്‍കിയപ്പോള്‍ മജിസ്‌ട്രേറ്റ് ശൗചാലയത്തിന്റെ ടാങ്ക് വീടിനു സമീപം സ്ഥാപിക്കാന്‍ അനുവദിച്ചു .എന്നാല്‍ പഞ്ചായത്ത് അതിനും അനുവദിച്ചില്ല. ഒടുവില്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഭൂമിയില്‍ വീട് വെച്ച് താമസിക്കാൻ പാർട്ടിക്കാർ തന്നെ പാര പണിതപ്പോൾ ‘കമ്യൂണിസ്റ്റുകാരാണോ കടക്ക് പുറത്ത്’ എന്ന ബോർഡ് സ്ഥാപിച്ചിരിക്കുകയാണ് ശ്രീകണ്ഠൻ നായർ.
Discussion about this post