തിരുവനന്തപുരം: ശബരിമല കേസിൽ ഭക്തർക്കെതിരെ വാദിക്കാൻ പുറമെ നിന്നുള്ള അഭിഭാഷകർക്ക് ഫീസിനത്തിൽ മാത്രം സംസ്ഥാന സർക്കാർ പൊതുഖജനാവിൽ നിന്നും ചിലവഴിച്ചത് 20.9 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ. എല്‍.ഡി.എഫ് സര്‍ക്കാര്‍ പുറമെ നിന്ന് കൊണ്ടുവന്ന അഭിഭാഷകരെ ഉപയോഗിച്ച് കേസ് നടത്താന്‍ 57 മാസത്തിനിടെ ആകെ ചെലവഴിച്ചത് 17.86 കോടി രൂപയെന്നും രേഖയിൽ പറയുന്നു.
ടി.പി. സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്തു നിന്ന് മാറ്റുന്ന കേസില്‍ 19.9 ലക്ഷം രൂപയാണ് ചെലവഴിച്ചത്. സോളാർ കേസിലും ഷുഹൈബ് വധക്കേസിന്റെയും പെരിയ ഇരട്ടക്കൊലക്കേസിന്റെയും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കള്‍ നല്കിയ ഹർജിയെ എതിര്‍ത്ത് നല്കിയ കേസിലും കൂടി പൊതുഖജനാവില്‍നിന്ന് മൂന്ന് കോടിയാണ് അഭിഭാഷക ഫീസിനത്തില്‍ നല്‍കിയതെങ്കിലും എല്ലാ കേസുകളിലും സർക്കാർ പരാജയപ്പെട്ടു.
പ്ലീഡര്‍ മുതല്‍ അഡ്വക്കറ്റ് ജനറല്‍ വരെ 137 സര്‍ക്കാര്‍ അഭിഭാഷക സംഘത്തിന് പ്രതിമാസം 1.54 കോടി ശമ്പളം മാത്രമായി നൽകുമ്പോഴാണ് പൊതുഖജനാവില്‍ നിന്ന് ഇങ്ങനെയും സർക്കാർ പണം ചെലവഴിക്കുന്നത്. കൊച്ചിയിലെ ‘ദ പ്രോപര്‍ ചാനല്‍’ വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖയിലാണ് ഇക്കാര്യങ്ങൾ അടങ്ങിയിരിക്കുന്നത്. ജനങ്ങളുടെ നികുതിപ്പണം എത്രമാത്രം ലാഘവത്തോടെയാണ് സർക്കാരുകൾ ചെയ്യുന്നതെന്നാണ് ഇക്കാര്യം വെളിവാക്കുന്നതെന്ന് പ്രോപർ ചാനൽ പ്രസിഡന്റ് എം കെ ഹരിദാസ് ചൂണ്ടിക്കാട്ടുന്നു.
Discussion about this post