തിരുവനന്തപുരം: ഒരാളുടെ ചിത്രം ഉപയോഗിച്ചു വ്യത്യസ്ത പേരും, വിലാസവും, മണ്ഡലവും നൽകി 5 വ്യാജ വോട്ടർ കാർഡ് വരെ സൃഷ്ടിച്ചതിന്റെ തെളിവുകൾ പുറത്ത്. സാങ്കേതികപിഴവല്ല, ആസൂത്രിത നീക്കമാണെന്നു തെളിയിക്കുന്നതാണ് രേഖകൾ.
നേമത്ത് 88–ാം ബൂത്തിലെ അശ്വതി സി.നായർ, ബൂത്ത് 98 ലെ ഷെമി, ചിറയിൻകീഴ് 119–ാം ബൂത്തിലെ സിന്ധു, വട്ടിയൂർക്കാവ് 32–ാം ബൂത്തിലെ സജിത, കഴക്കൂട്ടം 33–ാം ബൂത്തിലെ അനിതാ കുമാരി എന്നിവരുടെ കാർഡുകളിൽ ഒരേ ഫോട്ടോയാണ്. നേമത്തെ തന്നെ 62–ാം ബൂത്തിലെ ഷഫീഖ്, ബൂത്ത് 90 ലെ ഹരികുമാർ, 47 ലെ ശെൽവകുമാർ, തിരുവനന്തപുരം 110–ാം ബൂത്തിലെ ഉത്തമൻ, വട്ടിയൂർക്കാവ് 89–ാം ബൂത്തിലെ സുനിൽ രാജ് എന്നിവർക്കും വിലാസം പലതാണെങ്കിലും ഒരൊറ്റ മുഖമാണ്.
പട്ടികയിൽ പേരു ചേർക്കുമ്പോഴുണ്ടാകുന്ന സാങ്കേതികത്തകരാറോ പലവട്ടം വോട്ടു ചേർക്കുന്നതു കൊണ്ടോ ആകാം പിഴവെന്ന വാദം രേഖകൾ തള്ളുന്നു. പിടിക്കപ്പെടാതിരിക്കാനായി ഒരു പടം ഉപയോഗിച്ചു പല മണ്ഡലങ്ങളിലായി വ്യാജ കാർഡ് ഉണ്ടാക്കിയെന്നാണു വ്യക്തമാകുന്നത്. 5 പേരിലെ യഥാർഥ വോട്ടർ ആരാണ്, അവർക്ക് ക്രമക്കേടിനെക്കുറിച്ച് അറിവുണ്ടോ തുടങ്ങിയ വിവരങ്ങൾ വിശദ അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരൂ.
Discussion about this post