പൂനെ: രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. പരിക്കേറ്റ് പുറത്തായ മോർഗന് പകരം ഇംഗ്ലണ്ടിനെ നയിച്ച ജോസ് ബട്ലർ ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ചു. തുടക്കത്തിൽ നായകന്റെ തീരുമാനം ഇംഗ്ലീഷ് ബൗളർമാർ ശരിവെച്ചുവെങ്കിലും പിന്നീട് ഇന്ത്യൻ ബാറ്റ്സ്മാനമാർ കളം നിറഞ്ഞാടുകയായിരുന്നു. നിശ്ചിത 50 ഓവർ പിന്നിട്ടപ്പോൾ 336/6 എന്നതാണ് ഇന്ത്യയുടെ ടോട്ടൽ.
തകർപ്പൻ ഫോമിൽ ബാറ്റിംഗ് തുടരുന്ന കെ എൽ രാഹുൽ തന്റെ അഞ്ചാം ഏകദിന സെഞ്ചുറിയുമായി ഇന്ത്യൻ ഇന്നിംഗ്സിന്റെ നെടുംതൂണായി. രാഹുൽ 108 റൺസ് നേടി. 40 പന്തിൽ 77 റൺസുമായി ഏകദിന ടീമിലേക്കുള്ള മടങ്ങി വരവ് ഋഷഭ് പന്ത് ആഘോഷമാക്കി. 66 റൺസ് നേടിയ വിരാട് കോഹ്ലിയും ഇന്ത്യൻ ഇന്നിംഗ്സിനെ ഗംഭീരമായി മുന്നോട്ട് നയിച്ചു. ഹാർദിക് പാണ്ഡ്യ 16 പന്തിൽ 4 സിക്സറുകൾ ഉൾപ്പെടെ 35 റൺസ് നേടി.
ഇംഗ്ലീഷ് ബൗളർമാർക്കെല്ലാം നല്ല രീതിയിൽ അടി കിട്ടി. 2 വിക്കറ്റ് നേടിയെങ്കിലും ടോം കറൻ 10 ഓവറിൽ 83 റൺസ് വഴങ്ങി. പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ചിരുന്നു. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. പരമ്പരയിൽ നിലനിൽക്കാൻ ഇംഗ്ലണ്ടിന് ഇന്ന് ജയം അനിവാര്യമാണ്.
Discussion about this post