കൊച്ചി: വീടുകളില്‍ നിന്നു തപാൽ വോട്ട് ശേഖരിച്ചത് സുരക്ഷിതമായല്ലെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. കളമശ്ശേരി കുന്നുകര പഞ്ചായത്തിലെ കുറ്റിപ്പുഴയിലാണ് സംഭവം നടന്നത്. നേരത്തേ അറിയിച്ചതനുസരിച്ച് തപാൽ വോട്ടുകൾ പോള്‍ ചെയ്ത ശേഷം സീല്‍ ചെയ്ത പെട്ടിയില്‍ ശേഖരിക്കാതെ സഞ്ചിയില്‍ ശേഖരിച്ചതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം.
കവറുകള്‍ യാതൊരു സുരക്ഷയും ഇല്ലാതെ ശേഖരിക്കുന്നതു വഴി വോട്ടുകളിൽ തിരിമറി നടത്താൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഷേധം. ഈ വോട്ടെടുപ്പ് രീതിക്ക് യാതൊരു സുതാര്യതയും ഇല്ലെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും യുഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇത്തരത്തിലുള്ള വോട്ടുകൾ അസാധുവാക്കുകയോ വ്യാജ ബാലറ്റ് ഉപയോഗിച്ചു മാറ്റുന്നതിനോ ഉള്ള സാധ്യത കൂടുതലാണെന്നും ചൂണ്ടികാണിക്കുന്നു . ഒരു ബൂത്തിൽ 80 മുതല്‍ 200 വരെ തപാല്‍ വോട്ടുകൾ ഉണ്ടെന്നിരിക്കെ തെരഞ്ഞെടുപ്പു ഫലം തന്നെ തിരുത്തിയെഴുതാന്‍ ഇതിലൂടെ സാധിച്ചേക്കുമെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ പ്രശ്നത്തിന്റെ പേരിൽ മണിക്കൂറുകളോളം ഉദ്യോഗസ്ഥരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഉദ്യോഗസ്ഥരെ തടഞ്ഞതോടെ ചെങ്ങമനാട് പൊലീസ് സ്ഥലത്തെത്തി. ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം ഉണ്ടാകുന്നതു വരെ തല്‍ക്കാലം മണ്ഡലത്തിലെ വോട്ടിങ് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായാണ് വിവരം
Discussion about this post