നല്ല തണുത്തു തെളിഞ്ഞ കായലും ,അരുവികളും കണ്ടാൽ ആർക്കായാലും ഒന്ന് കുളിക്കണമെന്ന് തോന്നും . പക്ഷെ ന്യൂസിലന്‍ഡിലെ വൈമാന്‍ഗു താഴ്‍വരയിലുള്ള ഫ്രൈയിങ് പാന്‍ തടാകത്തിൽ കുളിക്കാനിറങ്ങിയാൽ പിന്നെ ഒരിക്കലും കുളിക്കണമെന്ന ആഗ്രഹം പോലും തോന്നില്ല . കാരണം എന്താണെന്നോ , അസ്ഥി പോലും ഉരുക്കി കളയുന്ന ചൂടാണ് ഈ തടാകത്തിലെ വെള്ളത്തിന് .
. ഈ തടാകത്തിലെ ജലത്തിന് വര്‍ഷം മുഴുവന്‍ 50–60 °C ആണ് താപനില. ലോകത്തില്‍ ഏറ്റവും ചൂടുള്ളതും അസിഡിക് സ്വഭാവമുള്ളതുമായ ജലമാണ് ഫ്രൈയിങ് പാന്‍ തടാകത്തിലേത് . ഏകദേശം 38,000 ച.മീ വിസ്തൃതിയുള്ള തടാകത്തിന് 18 അടി മുതല്‍ 60 അടി വരെ താഴ്ചയുള്ള ഭാഗങ്ങളുണ്ട്. എപ്പോള്‍ നോക്കിയാലും തടാകത്തിന്‍റെ ഉപരിതലത്തില്‍ നിന്നും പുക ഉയരുന്നത് കാണാം. കാര്‍ബണ്‍ ഡയോക്സൈഡ്, ഹൈഡ്രജന്‍ സള്‍ഫൈഡ് തുടങ്ങിയ വാതകങ്ങള്‍ സദാ സമയവും തടാകത്തില്‍ നിന്നും പുറന്തള്ളപ്പെടുന്നു.
1886-ൽ ഉണ്ടായ ഒരു വലിയ അഗ്നിപർവ്വത സ്‌ഫോടനത്തിൽ നിന്നായിരുന്നു തടാകത്തിന്‍റെ പിറവി. ഇവിടെയുള്ള താരാവേര അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് നിരവധി വലിയ ഗർത്തങ്ങൾ രൂപപ്പെട്ടു . ഒപ്പം നിരവധി ഗ്രാമങ്ങൾ നശിപ്പിക്കപ്പെട്ടു, നൂറിലധികം ആളുകൾ കൊല്ലപ്പെട്ടു.
പൊട്ടിത്തെറി കഴിഞ്ഞ് 15 വർഷത്തിനുള്ളിൽ നിരവധി ചൂടുനീരുറവകൾ വൈമാന്‍ഗു താഴ്‌വരയിൽ പ്രത്യക്ഷപ്പെട്ടു. ഇതോടെ വൈമാന്‍ഗു താഴ്വരയുടെ അടിസ്ഥാന സ്വഭാവം തന്നെ മാറി, അവിടുത്തെ ഭൂമിയുടെ താപധാരിതയിലും ചാലകതയിലുമെല്ലാം മാറ്റം വന്നു.
ഇക്കൂട്ടത്തില്‍ ഉണ്ടായ, ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണജലപ്രവാഹമായ വൈമാന്‍ഗു ഗെയ്‌സർ കഴിഞ്ഞ നാലുവർഷമായി അര കിലോമീറ്ററോളം നീളത്തില്‍ വെള്ളം ചീറ്റുന്നു. മഴവെള്ളവും ചൂടുള്ള ഭൂഗർഭജലവും നിറഞ്ഞ ചെറിയ കുഴികള്‍ വേറെയും ധാരാളമുണ്ടായിരുന്നു. അതിലൊന്നായിരുന്നു എക്കോ ക്രേറ്ററിൽ രൂപപ്പെട്ട ഫ്രൈയിംഗ് പാൻ തടാകം.
1917 ൽ എക്കോ ക്രേറ്ററിൽ ഉണ്ടായ മറ്റൊരു വലിയ പൊട്ടിത്തെറി മൂലമാണ് തടാകത്തിന്‍റെ ഇപ്പോഴുള്ള ആകൃതിയും വലുപ്പവും അതിനു കൈവന്നത്. 38,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ളതാണ് ഫ്രൈയിംഗ് പാൻ തടാകം.
കരീബിയന്‍ രാജ്യമായ ഡൊമിനിക്കയിലും ഇത്തരത്തിൽ ഒരു തടാകമുണ്ട്. വര്‍ഷം മുഴുവന്‍ വെള്ളം വെട്ടിത്തിളച്ചു കൊണ്ടിരിക്കുന്ന ഒരു തടാകം. 87-90 ഡിഗ്രി സെൽഷ്യസായിരിക്കും ഈ തടാകത്തിലെ ജലത്തിന്റെ താപനില. മോൺ ട്രയോസ് പിറ്റണ്‍സ് ദേശീയ പാര്‍ക്കിലെ മലമുകളിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. തടാകം ഇങ്ങനെ തിളക്കുന്നതിന് പിന്നില്‍ പ്രവർത്തിക്കുന്ന് ഭൂമിയുടെ ഉള്ളില്‍ നിന്നെത്തുന്ന ചൂടു വാതകങ്ങളാണ്.
ഈ തടാകത്തിനും ഫ്രൈയിങ് പാന്‍ തടാകം അഥവാ വറ ചട്ടി തടാകം എന്ന് പേരുണ്ട്. വറചട്ടിയുടെ ആകൃതിയാണ് ഈ തടാകത്തിനുള്ളത്. മലമുകളിൽ നിന്നും ഇവിടേക്കൊഴുകിയെത്തുന്ന രണ്ട് അരുവികളില്‍ നിന്നാണു തടാകത്തിലേക്കു വെള്ളമെത്തുന്നത്. ഭൂമിയുടെ മാന്‍റിലില്‍ നിന്നു മുകളിലേക്കെത്തുന്ന ലാവയുടെ ചൂടാണ് ഈ തടാകത്തെ തളിപ്പിക്കുന്നത്. ലാവകള്‍ അഗ്നിപര്‍വ്വത മുഖത്തെത്തി പുറത്തേക്കൊഴുകുമ്പോള്‍ ഭൂമിക്കടിയില്‍ വച്ചുതന്നെ ഇവയുടെ ചൂട് ആവിയായി വിള്ളലുകളിലൂടെ പുറത്തേക്കെത്തും. ഡൊമിനികയിലെ ഈ തിളക്കുന്ന തടാകത്തിനടിയിലും ഇങ്ങനെ ഒരു വിള്ളലുണ്ടാകാമെന്നാണ് ഗവേഷകരുടെ നിഗമനം .
Discussion about this post