ചെന്നൈ: സ്ത്രീകൾക്കെതിരായ അതിക്രമം ഡിഎംകെയുടെയും കോൺഗ്രസിന്റെയും സംസ്കാരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്നാട്ടിലെ തിരുപ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾക്കെതിരായ അധിക്ഷേപം കോൺഗ്രസിന്റെയും ഡി എം കെയുടെയും സംസ്കാരത്തിന്റെ ഭാഗമാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഡിഎംകെയുടെ എം എൽ എ സ്ഥാനാർത്ഥി ഡിണ്ഡിഗൽ ലിയോണി സ്ത്രീകൾക്കെതിരായി അപമാനകരമായ പരാമർശങ്ങൾ നടത്തിയിരുന്നു. അദ്ദേഹത്തെ തടയാൻ ഡിഎംകെ ഒന്നും ചെയ്തില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അമ്മയെയാണ് കോൺഗ്രസും ഡിഎംകെയും അപമാനിച്ചത്. ഈ സഖ്യം അധികാരത്തിലെത്തിയാൽ അവർ തമിഴ്നാട്ടിലെ കൂടുതൽ സ്ത്രീകളെ അപമാനിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. തമിഴ്നാട്ടിലെ ജനങ്ങൾ എല്ലാ കാര്യങ്ങളും മനസ്സിലാക്കുന്നുണ്ട്. സ്ത്രീകൾക്കെതിരായ അധിക്ഷേപം അവർ സഹിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡിഎംകെയുടെയും കോൺഗ്രസിന്റെയും മക്കൾ രാഷ്ട്രീയത്തിനെതിരെയും പ്രധാനമന്ത്രി രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു.
Discussion about this post