കൊല്ലം: പത്തനാപുരത്ത് ഇടത് മുന്നണിയിൽ ഭിന്നത രൂക്ഷം. എൽഡിഎഫ് പത്തനാപുരം തിരഞ്ഞെടുപ്പ് മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കെ.ബി.ഗണേഷ്കുമാർ എംഎൽഎയും സിപിഐ നേതാക്കളും തമ്മിൽ പരസ്യമായ വെല്ലുവിളി.
തിരഞ്ഞെടുപ്പ് അവലോകനത്തിനായി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗത്തിലായിരുന്നു സംഭവം. സിപിഐ നേതാക്കൾ കാലുവാരൽ നടത്തുന്നതായി പൊതുവേ ആക്ഷേപം ഉണ്ടെന്നും ഇതു മറികടക്കാൻ പത്രസമ്മേളനം വിളിച്ചു നേതാക്കൾ വ്യക്തത വരുത്തണമെന്നും കെ.ബി.ഗണേഷ്കുമാർ ആവശ്യപ്പെട്ടു. ഇതോടെ സിപിഐ നേതാക്കൾ പ്രകോപിതരാകുകയായിരുന്നു.
തങ്ങൾ പിറപ്പുദോഷമുള്ളവരല്ലെന്നും ആക്ഷേപം തെളിയിക്കണമെന്നും സിപിഐ നേതാക്കൾ പറഞ്ഞു. ഗണേഷ്കുമാർ എൽഡിഎഫിൽ എത്തിയ ശേഷം കഴിഞ്ഞ 5 വർഷത്തിനിടെ ഒരാവശ്യത്തിനും എംഎൽഎയുടെ ഓഫിസിനു മുന്നിൽ പോയിട്ടില്ല. സിപിഐയെക്കുറിച്ചു മനസ്സിലാക്കാൻ ആർ.ബാലകൃഷ്ണപിള്ളയോടു ചോദിക്കണമെന്നും നേതാക്കൾ പറഞ്ഞു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്(ബി)യുടെ നേതൃത്വത്തിൽ സിപിഐ സ്ഥാനാർഥികൾക്കെതിരെ വിമതരെ മത്സരിപ്പിക്കുകയും വിമത പ്രവർത്തനം നടത്തുകയും ചെയ്തതായി സിപിഐ നേതാക്കൾ ആരോപിച്ചു. ഇതു മറന്നിട്ടല്ല എൽഡിഎഫിനു വേണ്ടി പ്രവർത്തിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഐ നേതാക്കൾ ഇടപെട്ട് മിക്കയിടങ്ങളിലും കേരള കോൺഗ്രസ് ബി സ്ഥാനാർത്ഥികളെ തോൽപ്പിച്ചതായി അണികൾക്കിടയിലും ആക്ഷേപമുണ്ട്. മിക്കയിടങ്ങളിലും കേരള കോൺഗ്രസ് ബി സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ സിപിഎം- സിപിഐ നേതാക്കൾ തപാൽ വോട്ടിൽ കൃത്രിമം കാട്ടിയതായി പാർട്ടി പ്രവർത്തകർക്കിടയിൽ സംസാരമുണ്ട്.
Discussion about this post