തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. കൊട്ടിക്കലാശമില്ലാതെ വൈകുന്നേരം ഏഴ് മണിക്ക് പ്രചാരണം അവസാനിപ്പിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്. പ്രചാരണത്തിന്റെ ഭാഗമായുള്ള ബൈക്ക് റാലി നേരത്തേ നിരോധിച്ചിരുന്നു.
തൊള്ളായിരത്തി അൻപത്തിയേഴ് സ്ഥാനാർത്ഥികളാണ് സംസ്ഥാനത്തെ നൂറ്റിനാൽപ്പത് മണ്ഡലങ്ങളിലായി ഇത്തവണ മത്സര രംഗത്തുള്ളത്. രണ്ട് കോടി 74 ലക്ഷം വോട്ടർമാരാണ് ഇവരുടെ വിധി നിർണ്ണയിക്കുന്നത്. ദേശീയ, സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ റോഡ് ഷോകളും റാലികളുമായി അവസാനദിന പ്രചാരണം ആവേശത്തിന്റെ കൊടുമുടി കയറ്റാനാണ് മുന്നണികളുടെ നീക്കം.
തെരഞ്ഞെടുപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങൾ സംസ്ഥാനത്ത് പൂർത്തിയായി വരികയാണ്. സംസ്ഥാനത്തെ പ്രത്യേക സുരക്ഷാമേഖലകളാക്കി തിരിച്ച് ഇന്ന് മുതൽ പോലീസിനെ വിന്യസിക്കും. അമ്പത്തിയൊൻപതിനായിരം പൊലീസ് ഉദ്യോഗസ്ഥരാണ് ഇത്തവണ സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കുന്നത്. 140 കമ്പനി കേന്ദ്ര സേനയും സംസ്ഥാനത്തുണ്ട്. അക്രമം കാട്ടുന്നവരെ നേരിടാൻ പ്രത്യേക പരിശീലനം ലഭിച്ച കേന്ദ്രസേനാംഗങ്ങൾക്ക് ഓട്ടോമാറ്റിക്ക് തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ നൽകിയിട്ടുണ്ട്.
Discussion about this post