തിരുവനന്തപുരം: ക്ഷേത്രാചാരങ്ങളുടെ നേർക്കുള്ള ഇടത് പക്ഷത്തിന്റെ വെല്ലുവിളി തുടരുന്നു. ശാർക്കര ദേവീക്ഷേത്രത്തിന് മുന്നിൽ ദീപാരാധന സമയത്ത് എം എൽ എയുടെ നേതൃത്വത്തിൽ ഡിജെ പാർട്ടി നടത്തിയത് വിവാദമാകുന്നു. ചിറയിൻകീഴ് സിറ്റിംഗ് എം എൽ എ വി ശശിയുടെ നേതൃത്വത്തിലായിരുന്നു ഡിജെ പാർട്ടി.
ചിറയിൻകീഴിൽ പരാജയം മണക്കുന്ന ഇടത് പക്ഷം സമനില തെറ്റി പ്രകോപനം സൃഷ്ടിക്കുകയാണെന്ന് എതിർ പക്ഷം ആരോപിക്കുന്നു. ദീപാരാധന സമയത്തായിരുന്നു സഖാക്കളുടെ നേതൃത്വത്തിലുള്ള മദ്യലഹരിയിലുള്ള ഡിജെ പാർട്ടിയെന്ന് കോൺഗ്രസ് നേതാവ് എം ജെ ആനന്ദ് ആരോപിക്കുന്നു.
അതേസമയം ആരോപണം നിഷേധിച്ച് സിപിഎം രംഗത്തെത്തിയിട്ടുണ്ട്. ദീപാരാധന സമയത്തും അത്താഴപൂജ സമയത്തും പാർട്ടി നിർത്തി വെച്ചിരുന്നതായി നേതാക്കൾ അറിയിച്ചു. എന്നാൽ ക്ഷേത്ര പരിസരത്ത് ആരാധനാ സമയത്ത് ഡിജെ നടന്നത് അവർ നിഷേധിക്കുന്നില്ല.
ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് ചിറയിൻകീഴിൽ നടക്കുന്നത്. സിറ്റിംഗ് എം എൽ എ വി ശശിയാണ് ഇടത് മുന്നണി സ്ഥാനാർത്ഥി. ബി എസ് അനൂപ് കോൺഗ്രസിന് വേണ്ടിയും കൗൺസിലർ ആശാനാഥ് ബിജെപിക്ക് വേണ്ടിയും മത്സരിക്കുന്നു.











