ഡല്‍ഹി: സുപ്രീംകോടതിയുടെ 48-മത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ വി രമണയുടെ നിയമനത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കി. നിലവിലെ ചീഫ് ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്ഡെ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
സുപ്രീം കോടതിയില്‍ സീനിയോറിട്ടിയില്‍ രണ്ടാമനായ രമണയെ പുതിയ ചീഫ് ജസ്റ്റിസായി ശുപാര്‍ശ ചെയ്ത് നിലവിലെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു. ഈ മാസം 24 നാണ് ജസ്റ്റിസ് എസ് എ ബോബ്ഡെ വിരമിക്കുന്നത്. ഏപ്രില്‍ 24 ന് എന്‍ വി രമണ സത്യപ്രതിജ്ഞ ചെയ്യും. ജമ്മു കശ്മീരില്‍ ഇന്‍ര്‍നെറ്റ് നിരോധിച്ചത് പുനപരിശോധിക്കണം എന്ന് നിര്‍ദേശിച്ച സുപ്രീംകോടതി ബെഞ്ചിലും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ആര്ടിഐ നിയമത്തിന് കീഴില്‍ വരുമെന്ന് വിധിച്ച ബെഞ്ചിലും ജസ്റ്റിസ് രമണ അംഗമായിരുന്നു.
ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ പൊന്നാവരം ഗ്രാമത്തില്‍ ഒരു കര്‍ഷക കുടുംബത്തിലാണ് നുതലപ്പട്ടി വെങ്കട്ട രമണയുടെ ജനനം. 1983 ല്‍ അഡ്വക്കേറ്റായി എന്റോള്‍ ചെയ്തു. 2000 ജൂണില്‍ ആന്ധ്രപ്രദേശ് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിതനായി. 2013 മാര്‍ച്ച് 10 മുതല്‍ മെയ് 20 വരെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ചു. 2013 സെപ്റ്റംബറില്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. 2014 ഫെബ്രുവരി 17 നാണ് ജസ്റ്റിസ് രമണയെ സുപ്രീംകോടതി ജഡ്ജിമായി സ്ഥാനക്കയറ്റം നല്‍കി നിയമിക്കുന്നത്. ചീഫ് ജസ്റ്റിസ് പദവിയില്‍ ജസ്റ്റിസ് രമണയ്ക്ക് 2022 ഓഗസ്റ്റ് 26 വരെ കാലാവധിയുണ്ട്. ആര്‍.എഫ്. നരിമാനാണ് രമണയ്ക്ക് ശേഷം സുപ്രീംകോടതിയിലെ സീനിയര്‍ ജഡ്ജ്. അദ്ദേഹം ഈ ഓഗസ്റ്റ് 12-ന് വിരമിക്കും. ജസ്റ്റിസ് യു. ലളിതാണ് അടുത്ത സീനിയര്‍. അദ്ദേഹത്തിന് 2022 നവംബര്‍ എട്ട് വരെ സര്‍വ്വീസ് ബാക്കിയുണ്ട്.
Discussion about this post