തിരുവനന്തപുരം: നേമത്ത് വിജയമുറപ്പിച്ചു കഴിഞ്ഞതായി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. ബൂത്തുതല കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നല്ല ആത്മവിശ്വാസമാണുള്ളത്. ഭരണമാറ്റത്തിനുളള അടങ്ങാത്ത ദാഹം വോട്ടെടുപ്പില്‍ പ്രതിഫലിച്ചുവെന്നും കുമ്മനം പറഞ്ഞു.
നേമത്ത് പതിവില്‍ കവിഞ്ഞ വോട്ടുകള്‍ ലഭിച്ച് വിജയിക്കുമെന്ന് കെ മുരളീധരൻ പറയുന്നതിന്റെ കാരണം വ്യക്തമാക്കേണ്ടത് അദ്ദേഹമാണ്. എന്നെ സംബന്ധിച്ച് വിജയിക്കുമെന്ന് പറയുന്നതിന് കാരണമുണ്ട്. കാരണം കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പിലും ഒന്നാംസ്ഥാനത്ത് നിന്ന ഒരു രാഷ്ട്രീയ കക്ഷിയുടെ പ്രതിനിധിയാണ്. ആ സമയത്തെല്ലാം നേടിയ വോട്ട് എന്നില്‍ നിന്ന് നഷ്ടപ്പെടാനുളള ഒരു സാഹചര്യവും ഉണ്ടായിട്ടില്ല. മുരളീധരൻ കരുത്തനാണെങ്കില്‍ അദ്ദേഹത്തേക്കാള്‍ കരുത്തനായ ശശി തരൂര്‍ ഇവിടെ മത്സരിച്ചിട്ടുണ്ട്. അദ്ദേഹത്തോട് മത്സരിച്ചപ്പോള്‍ പോലും ഞാന്‍ ഒന്നാം സ്ഥാനത്തായിരുന്നു. കുമ്മനം പറഞ്ഞു.
മണ്ഡലത്തിൽ അടിയൊഴുക്കുകള്‍ ഉണ്ടായിട്ടുണ്ടോ, രഹസ്യ ധാരണ ഉണ്ടായിട്ടുണ്ടോ എന്നീ കാര്യങ്ങളെ കുറിച്ച് പഠനം നടത്തിയാലേ രണ്ടാം സ്ഥാനത്ത് ആരായിരിക്കുമെന്ന് പറയാൻ സാധിക്കൂ എന്ന് കുമ്മനം പറഞ്ഞു. 400 കോടിയില്‍പരം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ അഭിമാനകരമായ നേട്ടമാണ് ഒ രാജഗോപൽ പങ്കു വെക്കുന്നത്. ഒരു എംഎല്‍എ എന്ന നിലയില്‍ മറ്റൊന്നുമറിയില്ല എന്ന് പറയുന്നത് അദ്ദേഹത്തിന്റെ യോഗ്യതയാണ്. അദ്ദേഹം ഒരിക്കലും എന്നില്‍ നിന്നും വ്യത്യസ്തമായി മറ്റൊരു നിലപാട് സ്വീകരിക്കില്ല. അത്രയേറെ ആത്മബന്ധവും ഹൃദയബന്ധവും ഞങ്ങള്‍ തമ്മിലുണ്ട്. എന്റെ വിജയത്തിന് വേണ്ടി നൂറുശതമാനം സമര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിച്ച ഒരാളാണ് അദ്ദേഹമെന്നും കുമ്മനം വ്യക്തമാക്കി.
Discussion about this post