കൊല്‍ക്കത്ത: തെരഞ്ഞെടുപ്പിനിടെയുണ്ടായ വെടിവെപ്പില്‍ തന്റെ രാജി ആവശ്യപ്പെട്ട പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് മറുപടിയായി, പശ്ചിമ ബംഗാളിലെ ജനം പറഞ്ഞാല്‍ രാജി വെക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. നടന്നുകൊണ്ടിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തോല്‍ക്കുമെന്നും മമതക്ക് മേയ് രണ്ടിന് രാജിവെക്കേണ്ടി വരുമെന്നും അമിത് ഷാ പറഞ്ഞു. നോര്‍ത്ത് 24 പര്‍ഗാനസ് ജില്ലയിലെ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗാളിലെ വോട്ടെടുപ്പിനിടെ ഉണ്ടായ വെടിവെയ്പ്പുമായി ബന്ധപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയ അഭിപ്രായങ്ങള്‍ക്കെതിരെ ആണ് അമിത് ഷാ പ്രതികരിച്ചത്. സുരക്ഷാസേനയെയും ജനങ്ങളെയും തമ്മിലടിപ്പിക്കാന്‍ മമത ബാനര്‍ജി നടത്തിയ ശ്രമങ്ങളാണ് എല്ലാത്തിനും പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. ബംഗാളില്‍ നടന്ന അക്രമസംഭവങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം മമത തന്നെയെന്ന് ആവര്‍ത്തിക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി.
സീത്ലാകുച്ചില്‍ സി.ഐ.എസ്.എഫ് ജവാന്‍മാരെ ആക്രമിക്കാന്‍ മമത ജനങ്ങളോട് ആഹ്വാനം ചെയ്തതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ”കേന്ദ്രസേനയെ ഘരാവോ ചെയ്യാന്‍ മമത ജനങ്ങളെ പ്രേരിപ്പിച്ചതാണ് അക്രമസംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇപ്പോഴും കൊലപാതകങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാനാണ് മമത ശ്രമിക്കുന്നത്”, അമിത് ഷാ പറഞ്ഞു.
ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ബംഗാളില്‍ നിന്ന് അക്രമങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും എന്നന്നേക്കുമായി ഇല്ലാതാക്കുമെന്നും അമിത് ഷാ പറഞ്ഞു. ബംഗാളില്‍ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ മരണപ്പെട്ടിരുന്നു.
Discussion about this post