തൃശൂർ: കേരളത്തിൽ ബംഗ്ലാദേശ് സ്വദേശികൾ വോട്ട് ചെയ്തെന്ന ആരോപണവുമായി ബിജെപി നേതാവും കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർഥിയുമായ ശോഭാ സുരേന്ദ്രൻ. തന്റെ ഫെയ്സ്ബുക്കിലൂടെയാണ് ശോഭ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വോട്ട് ചെയ്ത ഇവരെ ഇപ്പോൾ കോവിഡിന്റെ മറവിൽ ബംഗാളിലേക്കും ബംഗ്ലാദേശിലേക്കും തിരികെ കയറ്റിവിടുകയാണെന്നും, ഇക്കാര്യത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.
“അതിഥി തൊഴിലാളികൾ എന്ന ഓമനപ്പേരിട്ട് സംസ്ഥാനസർക്കാർ വിളിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡും വോട്ടേഴ്സ് ഐഡിയും നൽകി വോട്ട് ചെയ്യിപ്പിച്ചിട്ട് ബസുകളിൽ കയറ്റി ബംഗാളിലേക്കും ബംഗ്ലാദേശിലേക്കും കോവിഡിന്റെ മറവിൽ തിരികെ കയറ്റിവിടുകയാണ്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മൂവാറ്റുപുഴയിൽ നിന്ന് ഇരുപതിലധികം ബസുകളിലാണ് വോട്ട് ചെയ്തതിനുശേഷം ഇത്തരക്കാരെ നാട്ടിലേക്ക് തിരികെ അയയ്ച്ചത്. വോട്ടർപട്ടികയിൽ നിന്ന് ബോധപൂർവ്വം പേര് വെട്ടിമാറ്റിയും, പോസ്റ്റൽ വോട്ടുകൾ കീറികളഞ്ഞും, സ്ട്രോങ്ങ് റൂമിൽ അനധികൃതമായി കയറിയും എതിർചേരിയിൽ ഉള്ള പ്രവർത്തകരെ ആക്രമിച്ചും തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച സർക്കാരിന്റെ കള്ളത്തരങ്ങൾ ഇങ്ങനെ ഓരോന്നായി പുറത്ത് വരികയാണ്. കമ്യൂണിസ്റ്റ് ഏകാധിപത്യ മാതൃകയിൽ ജനാധിപത്യത്തിന് ശവക്കുഴി തോണ്ടുകയാണ് സിപിഎം ചെയ്യുന്നത്.”ശോഭ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഇതിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ അമിത് ഷായ്ക്ക് കത്തയച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
Discussion about this post