കൊല്ലം: കുടുംബ വഴക്കിനെ തുടർന്ന് ഏരൂരില്‍ അനുജന്‍ ജ്യേഷ്ഠനെ കൊലപ്പെടുത്തി വീടിനടുത്തുള്ള പറമ്പിൽ കുഴിച്ചിട്ടു. അമ്മയുടെയും ഭാര്യയുടെയും സഹായത്തോടെയാണ് കുറ്റകൃത്യം നടത്തിയതെന്ന് പറയപ്പെടുന്നു.
ഏരൂര്‍ സ്വദേശിയായ ഷാജി പീറ്ററി(44)നെയാണ് അനുജന്‍ സജിന്‍ പീറ്റര്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. 2018 ഓഗസ്റ്റിലാണ് കൊലപാതകം നടന്നത്, പുറത്തറിയുന്നത് രണ്ടര വര്‍ഷത്തിന് ശേഷമാണ്.
അവിവാഹിതനായ ഷാജി പീറ്റര്‍ വീട്ടില്‍നിന്ന് അകന്നു കഴിയുകയായിരുന്നു. 2018-ലെ ഓണക്കാലത്താണ് ഇയാള്‍ കുടുംബവീട്ടില്‍ മടങ്ങിയെത്തിയത്. ഇതിനിടെ സജിനുമായി വഴക്കുണ്ടാകുകയും, ഇതിനിടയിൽ സജിന്‍ പീറ്റര്‍ ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നുമാണ് വിവരം.
മരിച്ചെന്ന് ഉറപ്പായതോടെ അമ്മയുടെയും ഭാര്യയുടെയും സഹായത്തോടെ വീടിനടുത്ത പറമ്പിൽ മൃതദേഹം കുഴിച്ചിടുകയായിരുന്നു. ഷാജി കൊല്ലപ്പെട്ട വിവരം ഇവര്‍ പുറത്ത് പറഞ്ഞിരുന്നില്ല. അന്വേഷിച്ചവരോട് ഷാജി മലപ്പുറത്ത് ജോലി ചെയ്യുകയാണെന്ന് പറഞ്ഞു.
ഈയിടെ സംശയം തോന്നിയ ഒരു ബന്ധു സംഭവത്തെക്കുറിച്ച് പോലീസിന് വിവരം നല്‍കിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയും ഷാജി പീറ്ററെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയുമായിരുന്നു. സംഭവത്തില്‍ സജിന്‍ പീറ്റര്‍, അമ്മ പൊന്നമ്മ, ഭാര്യ ആര്യ എന്നിവരെ ഏരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് വിദഗ്ധ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം. ഇതിനുശേഷം മാത്രമേ കേസുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിടുകയുള്ളൂ.
Discussion about this post