തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വോട്ടെണ്ണലിന് കർശനമായ കൊവിഡ് നിയന്ത്രണങ്ങളൊടെ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തി. കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ വലിയ രീതിയിലുള്ള സുരക്ഷയും കര്‍ശന നിയന്ത്രണങ്ങളും ആണ് ഒരുക്കിയിരിക്കുന്നത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതല്‍ കേന്ദ്രങ്ങളും സൗകര്യങ്ങളും വോട്ടെണ്ണലിന് ഒരുക്കിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത് 633 കൗണ്ടിംഗ് ഹാളുകളാണ്. പോളിംഗ് ബൂത്തുകള്‍ കോവിഡ് സാഹചര്യത്തില്‍ 89 ശതമാനം വര്‍ധിപ്പിച്ചിരുന്നു.
ഒരു ഹാളില്‍ 14 ടേബിളുകള്‍ ആയിരുന്നു 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ ഉണ്ടായിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം കണക്കിലെടുത്ത് സാമൂഹ്യ അകലം ഉറപ്പാക്കാന്‍ ഒരു ഹാളില്‍ ഏഴ് ടേബിളുകള്‍ മാത്രമാണ് ഉള്ളത്.
വോട്ടെണ്ണലിന് റിസര്‍വ് ഉള്‍പ്പടെ 24709 ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്. സ്‌ട്രോംഗ് റൂമുകള്‍ തുറക്കുക നിരീക്ഷകരുടെയും കൗണ്ടിംഗ് ഏജന്‍റുമാരുടെയും സാന്നിധ്യത്തിലാകും. രാവിലെ എട്ടുമുതല്‍ തപാല്‍ ബാലറ്റുകളും, രാവിലെ 8.30 മുതല്‍ ഇ.വി.എമ്മുകളും എണ്ണിത്തുടങ്ങും.
ഇത്തവണ ഏഴു സ്‌ട്രോംഗ് റൂമുകളിലാണ് ഇ.വി.എം/വി.വി.പാറ്റ് എന്നിവ സൂക്ഷിക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നിരീക്ഷകരുടെ സാന്നിധ്യത്തിലാകും വോട്ടെണ്ണല്‍ നടക്കുക.












Discussion about this post