തിരുവനന്തപുരം: ആലപ്പുഴയിൽ ആംബുലൻസ് വൈകിയതിനാൽ ബൈക്കിൽ കൊവിഡ് രോഗിയെ ആശുപത്രിയിൽ എത്തിച്ച സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പുന്നപ്രയിലെ യുവാക്കൾ ചെയ്തത് നല്ല കാര്യമാണ്. ഗുരുതരാവസ്ഥയിലായ രോഗിയെ വീണുപോകാതെ രണ്ട് പേർ ചേർന്ന് നടുക്ക് ഇരുത്തി ആശുപത്രിയിൽ എത്തിച്ച് രക്ഷപ്പെടുത്തി. പക്ഷേ ബൈക്ക് ആംബുലൻസിന് പകരമാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അത്യാവശ്യ സന്ദർഭങ്ങളിൽ ആംബുലൻസിന് പകരം ഉപയോഗിക്കാനുള്ള വാഹനം തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കി വെക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സിഎഫ്എൽടിസി ആണെങ്കിലും ഡൊമിസിലറി കേയർ സെന്റർ ആണെങ്കിലും അവിടെ ആരോഗ്യ പ്രവർത്തകരുണ്ടായിരിക്കണമെന്നും ഡൊമിസിലറി കെയർ സെന്ററുകളിൽ ആംബുലൻസ് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിരോധത്തിനായി രൂപപ്പെടുത്തിയ വാർഡ് തല സമിതികളെയും മുഖ്യമന്ത്രി വിമർശിച്ചു. വാർഡ് തല സമിതികളുടെ പ്രവർത്തനങ്ങളിൽ മങ്ങൽ ഉണ്ടായോ എന്ന് പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post