പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ അപമാനകരമായ പോസ്റ്റ് ഇട്ടതിന് കവി സച്ചിദാനന്ദനെ വിലക്കി ഫേസ്ബുക്ക്. 24 മണിക്കൂർ പോസ്റ്റും ലൈക്കും വിലക്കിയെന്ന് സച്ചിദാനന്ദൻ പറയുന്നു. നരേന്ദ്ര മോദിയേയും അമിത് ഷായേയും കുറിച്ചുള്ള പോസ്റ്റിൻറെ പേരിലാണ് വിലക്കെന്ന് സച്ചിദാനന്ദൻ സമ്മതിക്കുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് ഫേസ്ബുക്ക് വിലക്ക് വന്നതെന്ന് കവി പറയുന്നു. അമിത് ഷായെയും കേരളത്തിലെ ബിജെപിയുടെ പരാജയത്തെയും കറിച്ചുള്ള വ്യാജവീഡിയോ സച്ചിദാനന്ദൻ പങ്കു വെച്ചിരുന്നതായി പറയപ്പെടുന്നു. പ്രധാനമന്ത്രിയെ കുറിച്ച് ‘കണ്ടവരുണ്ടോ‘ എന്ന പരസ്യവും നൽകിയിരുന്നു.
പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനുമെതിരെ നിരന്തരം നടത്തുന്ന ഇത്തരം അപമാനകരമായ പരാമർശങ്ങൾക്കെതിരെ ഏപ്രിൽ 21ന് തന്നെ ഫേസ്ബുക്ക് സച്ചിദാനന്ദന് താക്കീത് നൽകിയിരുന്നു. അടുത്ത കുറി നിയന്ത്രിക്കുമെന്ന് അതിൽ തന്നെ മുന്നറിയിപ്പും നൽകിയിരുന്നു. മെയ് 7ന് വന്ന അറിയിപ്പ് പ്രകാരം 24 മണിക്കൂർ പോസ്റ്റ് ചെയ്യുന്നതും കമന്റ് ചെയ്യുന്നതും ഫേസ്ബുക്ക് വിലക്കുകയായിരുന്നു. 30 ദിവസം ലൈവിൽ പ്രത്യക്ഷപ്പെടുന്നതിനും വിലക്കുണ്ട്.
സച്ചിദാനന്ദൻ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് ലംഘിച്ചു എന്നാണ് ഫേസ്ബുക്ക് പറയുന്നത്. ഒരു നിരീക്ഷക സംഘം തന്നെ പോലെയുള്ള വിമർശകർക്ക് പിന്നാലെ ഉണ്ട് എന്ന് സച്ചിദാനന്ദൻ അവകാശപ്പെടുന്നു.











