ഡല്‍ഹി: ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ ശ്രദ്ധേയനായ നടന് രാഹുല്‍ വോറ(35) കോവിഡ് ബാധിച്ച് മരിച്ചു. ഡല്‍ഹിയിലെ താഹിര്‍പൂരിലുള്ള രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. നാടക സംവിധായകന് അരവിന്ദ് ഗൗര്‍ ആണ് മരണവിവരം സ്ഥിരീകരിച്ചത്.
രാഹുലിന് മെച്ചപ്പെട്ട ചികിത്സ നല്‍കാതിരുന്ന തങ്ങളെല്ലാവരും കുറ്റക്കാരാണെന്ന് അന്ത്യാജ്ഞലിയര്പിച്ച് ഫേസ്ബുക്കില്‍ അരവിന്ദ് ഗൗര്‍ കുറിച്ചു.
തന്റെ മോശം ആരോഗ്യ സ്ഥിതിയെ കുറിച്ചും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണമെന്നും ശനിയാഴ്ച ഫേസ്ബുക്കിലൂടെ അഭ്യര്‍ഥിച്ച ശേഷമാണ് നടന്റെ ദാരുണാന്ത്യം.
സുഹൃത്തുക്കളടക്കം നിരവധിയാളുകള്‍ നടന്റെ ജീവന് രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും കോവിഡ് ശ്വാസകോശത്തെ ബാധിച്ചതിനാല്‍ വിഫലമായി.
‘നല്ല ചികിത്സ ലഭിച്ചിരുന്നെങ്കില്‍ എനിക്കും രക്ഷപ്പെടാമായിരുന്നു. തിരിച്ചു വരാനായാല്‍ കുറച്ചു കൂടി നല്ല രീതിയില്‍ ജോലി ചെയ്യണം. എന്നാല്‍ എനിക്കിപ്പോള്‍ എല്ലാ ധൈര്യവും നഷ്ടപ്പെട്ടു.’- ഇങ്ങനെയായിരുന്നു കോവിഡ് ബാധിതനായിരുന്ന രാഹുലിന്റെ അവസാന സോഷ്യല്‍ മീഡിയ പോസ്റ്റ്.
തന്റെ വ്യക്തിഗത വിവരങ്ങളും ആശുപത്രിയിലെ വിവരങ്ങളും മറ്റും ചേര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ടാഗ് ചെയ്തായിരുന്നു പോസ്റ്റ്. കഴിഞ്ഞ ആഴ്ചയും കോവിഡ് ബാധിതനായ തനിക്ക് ഓക്സിജന്‍ ബെഡ് ലഭിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് രഹുല്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
ഉത്തരാഖണ്ഡ് സ്വദേശിയായ രാഹുല്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് വഴിയാണ് പ്രശസ്തനായത്.
Discussion about this post