പരപ്പനങ്ങാടി (മലപ്പുറം): തിരൂരങ്ങാടിയിൽ സിന്തറ്റിക് ഡ്രഗ് എം.ഡി.എം.എ, ഹഷീഷ് ഓയിൽ, ചരസ്, കഞ്ചാവ് ഉൾപ്പെടെ 75 ലക്ഷത്തിന്റെ ലഹരി ഉൽപന്നങ്ങൾ എക്സൈസ് പിടികൂടി. പന്താരങ്ങാടി സ്വദേശി പി.വി. മുഹമ്മദ് റാഷിദിനെയാണ് (24) 41 ഗ്രാം എം.ഡി.എം.എ, 21 ഗ്രാം ഹഷീഷ് ഓയിൽ, 10 ഗ്രാം ചരസ്, 55 ഗ്രാം കഞ്ചാവ് സഹിതം എക്സൈസ് പിടികൂടിയത്. പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സാബു ആർ. ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം നടത്തിയ രാത്രി പരിശോധനയിൽ ആണ് പ്രതിയെ പിടികൂടിയത് .
ചെമ്മാട് പന്താരങ്ങാടിയിൽ രാത്രിയിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ മറവിൽ വൻതോതിൽ ലഹരി വിൽപന നടക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ച് ദിവസമായി ഇയാളെ എക്സൈസ് നിരീക്ഷിച്ച് വരുകയായിരുന്നു. ലോക്ഡൗൺ മൂലം വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞ് കിടക്കുന്നതിനാൽ വിദ്യാർഥികളുൾപ്പെടെയുള്ള ലഹരി ആവശ്യക്കാർ ഇയാളുടെ വീട്ടുപരിസരത്ത് എത്താറുണ്ടെന്നും കൂടുതൽ പേർ ഇയാളുടെ സംഘത്തിലുണ്ടെന്നും എക്സൈസ് അറിയിച്ചു.
പ്രിവൻറിവ് ഓഫിസർമാരായ ടി. പ്രജോഷ് കുമാർ, കെ. പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ. ശിഹാബുദ്ദീൻ, സി. സാഗിഷ്, നിതിൻ ചോമാരി, ആർ.യു. സുഭാഷ്, ജയകൃഷ്ണൻ വനിത ഓഫിസർമാരായ പി. സിന്ധു, പി.എം. ലിഷ, ഡ്രൈവർ വിനോദ് കുമാർ തുടങ്ങിയവരും പങ്കെടുത്തു.
Discussion about this post