തിരുവനന്തപുരം: യാസ് ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥാനത്ത് മഴ ശക്തമാകുന്നു. തെക്കൻ കേരളത്തിലും മദ്ധ്യ കേരളത്തിലുമാണ് ശക്തമായ മഴ അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
മലപ്പുറം, കാസർകോഡ്, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.
ശക്തമായ മഴയെ തുടർന്ന് നീരൊഴ്ക്ക് വർദ്ധിച്ചതോടെ ഇടുക്കി കല്ലാർകുട്ടി അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നു. 60 ക്യുമെക്‌സ് വെള്ളമാണ് പുറത്തേയ്ക്ക് ഒഴുകുന്നത്. മൂഴിയാർ അണക്കെട്ടിന്റെ 3 ഷട്ടറുകൾ 30 സെൻറീമീറ്റർ വീതവും മണിയാർ അണക്കെട്ടിന്റെ നാല് ഷട്ടറുകൾ 50 സെൻറീമീറ്റർ വീതവും ഉയർത്തിയിട്ടുണ്ട്. മുതിരപ്പുഴയാർ, പെരിയാർ തീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
പത്തനംതിട്ട ജില്ലയിൽ വനത്തിനുള്ളിൽ ഉരുൾ പൊട്ടിയതായി സംശയിക്കുന്നുണ്ട്. റാന്നി താലൂക്കിൽ കനത്ത മഴയിൽ 500 കുടുംബങ്ങൾ ഒറ്റപ്പെട്ടതായാണ് വിവരം. മലപ്പുറത്ത് കോൾനിലങ്ങളിൽ വൻ കൃഷിനാശം ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് കനത്ത മഴയെത്തുർന്ന് ഉണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. കണ്ണമ്മൂലയിലാണ് സംഭവം.
സംസ്ഥാനത്ത് മഴ കനക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തീരപ്രദേശങ്ങളിൽ കടലാക്രമണം ശക്തമാണ്. വിഴിഞ്ഞത്ത് ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു. പൂന്തുറ സ്വദേശി ഡേവിഡ്സണ്‍ ആണ് മരിച്ചത്. രണ്ട് പേരെ കാണാതായിട്ടുണ്ട്. ജോസഫ്, സേവ്യർ എന്നിവരെയാണ് കാണാതായിരിക്കുന്നത്.
Discussion about this post