കൊടുവള്ളി: നരിക്കുനി ചാമ്പാട്ട് മുക്ക് മടവൂർ റോഡിലെ ആൾ താമസമില്ലാത്ത വീട്ടിൽ നിന്നും കൊടുവള്ളി പൊലീസ് 17 കിലോ 400 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. നഗരത്തിൽ താമസിക്കുന്ന വീട്ടുടമസ്ഥൻ പറമ്പിൽ ജോലിക്കായി വന്നപ്പോഴാണ്, വീടിന്റെ ചായ്പ്പിൽ കെട്ടിവച്ച നിലയിൽ ചാക്ക് കണ്ടത്. ഉടനെ റൂറൽ എസ്പി ഡോ. ശ്രീനിവാസനെ വിവരമറിയിച്ചു.
എസ് പിയുടെ നിർദേശാനുസരണം ഉച്ചയ്ക്ക് രണ്ടരയോടെ കൊടുവള്ളി പൊലീസ് ഇൻസ്പെക്ടർ ടി. ദാമോദരന്റെ നേതൃത്വത്തിൽ വീട്ടിലെത്തി ചാക്ക് പരിശോധിക്കുകയുമായിരുന്നു. എട്ട് പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. എസ്ഐമാരായ എൻ. ദിജേഷ്, എം.എ. രഘുനാഥ്, എഎസ്ഐ ടി. സജീവ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി സിഐ അറിയിച്ചു.
Discussion about this post