ബെയ്ജിങ് : കൊറോണ വൈറസ് ചൈനീസ് ലാബിൽനിന്നുള്ളതാണെന്ന സിദ്ധാന്തത്തെ (ലാബ്-ലീക്ക് സിദ്ധാന്തം) പിന്തുണച്ച്, കോവിഡ് ഉദ്ഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ വിമർശനവുമായി ചൈന. യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ‘ഇരുണ്ട ചരിത്രം’ ലോകത്തിന് അറിയാം എന്നായിരുന്നു ചൈനയുടെ മറുപടി.
വൈറസ് ആദ്യമായി ചൈനയിൽ പ്രത്യക്ഷപ്പെട്ടതു മൃഗങ്ങളിൽനിന്നാണോ അതോ ലബോറട്ടറി അപകടത്തിൽനിന്നാണോ എന്ന് അടുത്ത മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യാൻ യുഎസ് രഹസ്യാന്വേഷണ ഏജൻസികളോട് കഴിഞ്ഞ ദിവസം ബൈഡൻ ഉത്തരവിട്ടിരുന്നു. ചൈനയിലെത്തിയ ലോകാരോഗ്യ സംഘടനയുടെ ദൗത്യസംഘം തുടക്കത്തിൽതന്നെ സാധ്യതയില്ലെന്നു തള്ളിക്കളഞ്ഞ ലാബ്-ലീക്ക് സിദ്ധാന്തം വാഷിങ്ടൻ വീണ്ടും ഏറ്റെടുക്കുകയായിരുന്നു.
വുഹാനിലെ വൈറോളജി ലാബിൽനിന്നാണു വൈറസ് ഉണ്ടായതെന്ന സിദ്ധാന്തത്തെ ചൈന പൂർണമായും തള്ളിക്കളയുന്നു. പകരം, കോവിഡിന്റെ പേരിൽ ചൈനയ്ക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും അമേരിക്കയിലെ ഉയർന്ന മരണനിരക്കിൽനിന്നു ശ്രദ്ധ തിരിക്കാനായി മഹാമാരിയെ രാഷ്ട്രീയവൽക്കരിക്കുകയാണെന്നും ആരോപിച്ചു. പുതിയ അന്വേഷണം നടത്തേണ്ടതിന്റെ ആവശ്യകത തള്ളിയ ചൈനീസ് വിദേശകാര്യ മന്ത്രാലയം, ബൈഡൻ ഭരണകൂടത്തിന്റെ ലക്ഷ്യവും പ്രേരണയും വ്യക്തമാണെന്നു പ്രതികരിച്ചു.
‘യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഇരുണ്ട ചരിത്രം വളരെക്കാലമായി ലോകത്തിന് അറിയാം’ ഇറാഖ് അധിനിവേശത്തെ ന്യായീകരിച്ച യുഎസിന്റെ ആരോപണങ്ങളെ പരാമർശിച്ചു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ ചൂണ്ടിക്കാട്ടി. വുഹാനിലെ മാർക്കറ്റിൽ മൃഗസമ്പർക്കം വഴിയോ അല്ലെങ്കിൽ നഗരത്തിലെ ഗവേഷണ ലബോറട്ടറിയിൽനിന്നു വൈറസ് പുറത്തു വന്നതിലൂടെയോ കോവിഡ് പടർന്നുപിടിച്ചു എന്ന വ്യാപക ആരോപണത്തെ പിന്തുണയ്ക്കുന്നതാണു ബൈഡന്റെ ഉത്തരവെന്നാണു വിലയിരുത്തൽ.
മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും അനുയായികളും തുടങ്ങിവച്ച ആരോപണം അമേരിക്കയിലും ലോകത്താകെയും വലിയ ചർച്ചയായിരുന്നു. പല രാജ്യങ്ങളും ചൈനയ്ക്കെതിരെ രംഗത്തെത്തി. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മൂന്നു പേരെ 2019 നവംബറിൽ അസുഖം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ട് ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ ഞായറാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ബെയ്ജിങ്ങിൽ ദുരൂഹ രോഗം പൊട്ടിപ്പുറപ്പെട്ടതിന് ഒരു മാസം മുൻപായിരുന്നു ഈ സംഭവമെന്നതു സംശയത്തിന് ആക്കം കൂട്ടുന്നു.
Discussion about this post