തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണ കേസിലെ ജുഡിഷ്യൽ കമ്മിഷൻ റിപ്പോർട്ടിന്മേൽ നടപടിക്കൊരുങ്ങി സർക്കാർ. കേസിൽ ഉൾപ്പെട്ട ആറ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യും. ഇതിന് മുന്നോടിയായി ആറു പേരെയും പിരിച്ചുവിടാൻ പൊലീസ് മേധാവിക്ക് നിർദേശം നൽകി.
കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്നു ഡോക്ടർമാർക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിക്കും. അഞ്ച് പൊലീസുകാർക്ക് എതിരെ കർശന വകുപ്പുതല നടപടി എടുക്കും. മരിച്ച രാജ്കുമാറിന്റെ ബന്ധുക്കൾക്കും ഇരകർക്കുമായി 45 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. സംസ്ഥാന സർക്കാർ ഇക്കാര്യങ്ങൾ നിയമസഭയെ അറിയിച്ചു.
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ഒൻപത് പൊലീസുകാർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. നെടുങ്കണ്ടം എസ്.ഐ ആയിരുന്ന കെ.എ.സാബുവാണ് കേസിലെ ഒന്നാം പ്രതി. സാബുവിനെ കൂടാതെ അതേ സ്റ്റേഷനിലെ എട്ട് പൊലീസുകാരെ കൂടി സിബിഐ കേസിൽ പ്രതി ചേർത്തിരുന്നു.
2019 ജൂണ് 12നാണ് ഹരിതാ ഫിനാൻസ് ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് വാഗമൺ സ്വദേശി രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് പിടികൂടുന്നത്. കസ്റ്റഡി രേഖപ്പെടുത്താതെ പണം വീണ്ടെടുക്കാനെന്ന പേരിൽ നാല് ദിവസം ക്രൂരമായി മർദ്ദിച്ചു. പിന്നീട് പീരുമേട് ജയിലിൽ റിമാൻഡ് ചെയ്തു. ആരോഗ്യസ്ഥിതി വഷളായ രാജ്കുമാർ ജൂണ് 21ന് ജയിലിൽ വച്ച് മരിച്ചു.
Discussion about this post