എറണാകുളം: തിരുവാണിയൂര്‍ പഴുക്കാമറ്റത്ത് നവജാതശിശുവിനോട് മനഃസാക്ഷിയില്ലാത്ത ക്രൂരത കാണിച്ചത് അമ്മ. നാല്‍പ്പത് വയസുള്ള സ്ത്രീ ചൊവ്വാഴ്ചയാണ് പ്രസവിച്ചത്. പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രവം അവസാനിക്കാതിരുന്നതിനെ തുടര്‍ന്ന് ഇവരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ വച്ച് ഡോക്ടര്‍മാര്‍ ചോദ്യം ചെയ്തപ്പോള്‍ ആണ് താന്‍ പ്രസവിച്ചെന്നും കുഞ്ഞിനെ വീടിന് അടുത്തുള്ള പാറമടയില്‍ കെട്ടിതാഴ്ത്തിയെന്നും അവര്‍ പറഞ്ഞത്. ഇതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കുഞ്ഞിനെ പാറമടയില്‍ കല്ലിട്ട് കെട്ടിതാഴ്ത്തി എന്ന സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പാറമടയിലെത്തി പരിശോധന നടത്തുകയാണ്. ഉപയോഗശൂന്യമായ പാറമടയില്‍ നിന്നും കുഞ്ഞിനെ കണ്ടെത്താന്‍ സ്കൂബാ ഡൈവിംഗ് വിദഗ്ദ്ധരുടെ സഹായം പൊലീസ് തേടിയിട്ടുണ്ട്. പ്രസവവും രണ്ട് ദിവസം നീണ്ട രക്തസ്രവവും കാരണം അവശയായ യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം വിശദമായി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. അവരിപ്പോൾ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
നാല്‍പ്പത്ത് വയസുള്ള ഈ സ്ത്രീക്ക് നാല് മക്കളുണ്ട്. മക്കളില്‍ മൂത്തയാള്‍ക്ക് 24 വയസുണ്ട്. ഗര്‍ഭിണിയായിരുന്നുവെന്ന വിവരം മറ്റാര്‍ക്കും അറിയില്ലായിരുന്നുവെന്നാണ് സൂചന. കൃത്യം ചെയ്യാന്‍ ഇവരുടെ ഭര്‍ത്താവ് സഹായിച്ചോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇയാളെ ഇപ്പോള്‍ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്യുകയാണ്.
Discussion about this post