തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. ഒമ്പതുമണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക. ബജറ്റ് അവതരണത്തിന് മുന്നോടിയായി, കേരളത്തിന്റെ ഭാവി വികസനത്തിന് ബജറ്റ് സഹായകകരമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായിരിക്കും ഈ ബജറ്റിൽ ഊന്നൽ നൽകുന്നത്. വാക്സിൻ വാങ്ങാൻ മതിയായ പണം വകയിരുത്തുമെന്നും, പ്രളയവും കോവിഡ് മഹാമാരിയും തരിപ്പണമാക്കിയ സമ്പദ്വ്യവസ്ഥക്ക് മുന്നേറാനുള്ള നടപടികളും ബജറ്റിൽ പ്രതീക്ഷിക്കുന്നു. തകർന്ന്, പ്രതിസന്ധിയിൽ നിൽക്കുന്ന മേഖലകളിലെല്ലാം ബജറ്റിന്റെ പിന്തുണയോടെ അതിജീവനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
കടലാക്രമണത്തിൽനിന്ന് തീരസംരക്ഷണത്തിന് പദ്ധതികൾ, ഉന്നതവിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്താനുള്ള പദ്ധതികൾ, രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയിൽ വരുമാനവർധനക്ക് നടപടികൾ എന്നിവയും രണ്ടാം പിണറായി സർക്കാറിെൻറ ആദ്യ ബജറ്റിൽ പ്രതീക്ഷിക്കുന്നു. ബജറ്റ് ഇടത് നയത്തിൽ അടിയുറച്ചതാകുമെങ്കിലും ഡോ. തോമസ് ഐസക്കിന്റെ ശൈലി തന്നെ തുടരുമോ എന്ന് സാമ്പത്തികലോകം ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്. വ്യാപാര-വാണിജ്യമേഖലകൾക്കും ക്ഷേമമേഖലകൾക്കും ബജറ്റിൽ വൻ പ്രതീക്ഷകളാണ്.
കഴിഞ്ഞ ജനുവരി 15ന് ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ അടിമുടി മാറ്റം ഉണ്ടാകില്ല. അതേസമയം പുതിയ ഇടത് പ്രകടനപത്രികയിൽ ആദ്യ വർഷം നടപ്പാക്കേണ്ട വാഗ്ദാനങ്ങൾ ഇടംപിടിക്കും. നയപ്രഖ്യാപനപ്രസംഗത്തിലും ആദ്യ വർഷം നടപ്പാക്കേണ്ട അനവധി പദ്ധതികൾ ഉൾപ്പെട്ടിരുന്നു. കോവിഡ് രണ്ടാംതരംഗം സൃഷ്ടിച്ച ആഘാതം മറികടക്കാനുള്ള ശ്രമങ്ങളും പ്രതീക്ഷിക്കുന്നു. പുതിയ പദ്ധതികൾ വരുന്നതിനനുസരിച്ച് പഴയ പദ്ധതികളിൽ പുനഃക്രമീകരണം വരും.
വരുമാനവർധനക്ക് നിർദേശങ്ങൾ ബജറ്റിൽ പ്രതീക്ഷിക്കുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് വന്ന ഐസക്കിന്റെ ബജറ്റിൽ പ്രഖ്യാപന പെരുമഴയായിരുന്നു. ചരക്ക് സേവന നികുതി സംസ്ഥാനത്തിന് മാത്രമായി വർധിപ്പിക്കാനാകില്ല. എന്നാൽ നികുതിയിതര വരുമാനവർധനക്ക് കാര്യമായ നടപടികൾ വന്നേക്കും. മദ്യം, ഭൂമിയിൽ നിന്നുള്ള നികുതികൾ, വിവിധ ഫീസുകൾ എന്നിവയിലൊക്കെ കൈവെച്ചേക്കും.
Discussion about this post