വയനാട്: മാനന്തവാടിയിലെ മുട്ടിൽ വനം കൊള്ളക്കേസ് അട്ടിമറിക്കാൻ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും രണ്ട് പ്രമുഖ മാദ്ധ്യമ സ്ഥാപനങ്ങളും ശ്രമിച്ചതായി ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി കെ വിനോദ് കുമാർ. മുൻ മന്ത്രി എം വി രാഘവന്റെ മകനും മുൻ ഇടത് പക്ഷ സ്ഥാനാർത്ഥിയുമായ എംവി നികേഷ് കുമാർ മേധാവിയായുള്ള റിപ്പോർട്ടർ ചാനൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാണ് ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ കണ്ടെത്തൽ.
മാനന്തവാടിയിലെ മുട്ടിൽ സൗത്ത് വില്ലേജിലെ റവന്യൂ ഭൂമിയിൽ നിന്നും റോജി അഗസ്റ്റിൻ, ആന്റോ എന്നിവർ 15 കോടിയിലധികം രൂപ വിലവരുന്ന വീട്ടിമരം കടത്തിയെന്നാണ് കേസ്. മരം കടത്താൻ 2020 ഒക്ടോബർ 24 ന് റവന്യൂവകുപ്പ് ഇറക്കിയ വിവാദ ഉത്തരവ് പ്രതികൾ മറയാക്കി. മരം കടത്തിയതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ പെരുമ്പാവൂരിലെ തടിമില്ലിൽ നിന്ന് മരങ്ങൾ കണ്ടെടുത്തു. എന്നാൽ പിന്നീട് നടന്നത് കേസ് അട്ടിമറിക്കാനുള്ള സമാനതകളില്ലാത്ത ശ്രമങ്ങളാണ്.
2021 ഫെബ്രുവരി 13 ന് ഇൻസ്പെക്ഷൻ ആൻഡ് ഇവാലുവേഷൻ വിങ്ങിന്റെ ചുമതല കണ്ണൂർ ധർമ്മടം സ്വദേശിയായ എൻ ടി സാജനെന്ന ഐഎഫ്എസ് ഉദ്യോഗസ്ഥൻ ഏറ്റെടുത്തു. വെറും നാല് ദിവസത്തേക്ക് മാത്രമായിരുന്നു സാജന്റെ നിയമനം. സാജൻ കേസിന്റെ വകുപ്പുകൾ മാറ്റി എഴുതാൻ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം കെ സമീറിനോട് നിർദ്ദേശിച്ചു. എന്നാൽ ഇതിന് സമീർ വിസമ്മതിച്ചതോടെ സമീറിനെതിരെ കേസ് കെട്ടിച്ചമയ്ക്കാൻ സാജൻ ശ്രമിക്കുകയായിരുന്നുവെന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ടിൽ പറയുന്നു.
അട്ടിമറിക്ക് കൂട്ടു നിൽക്കാത്ത സമീറിനെതിരെ ധർമ്മടം സ്വദേശിയായ ഒരു മാദ്ധ്യമ പ്രവർത്തകനും റിപ്പോർട്ടർ ചാനലും നിരന്തരം വാർത്തകൾ നൽകി. തുടർന്ന് റേഞ്ച് ഓഫീസർ നൽകിയ പരാതിയെ തുടർന്നാണ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി കെ വിനോദ് കുമാർ അന്വേഷണം ഏറ്റെടുത്തത്.
തുടർന്ന് അന്വേഷണം നടത്തിയ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി കെ വിനോദ് കുമാർ ഫെബ്രുവരി 17 ന് ഇത് സംബന്ധിച്ച റിപ്പോർട്ട് വനംവകുപ്പിന് കൈമാറി. ഇതിൽ കേസ് അട്ടിമറിക്കാൻ മാദ്ധ്യമ പ്രവർത്തകർ ഇടനിലക്കാരായതും നിരപരാധിയായ ഉദ്യോഗസ്ഥനെ വേട്ടയടിയതും വ്യക്തമായി പരാമർശിച്ചിരുന്നു. എന്നാൽ ഈ അന്വേഷണ റിപ്പോർട്ടിൽ നാളിതുവരെ ആയിട്ടും നടപടി എടുത്തിട്ടില്ല. ഇതിന് പിന്നിൽ മന്ത്രിതല ഗൂഢാലോചന നടന്നതായാണ് സംശയിക്കപ്പെടുന്നത്.
Discussion about this post