സതാംപ്ടൺ: പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയ ന്യൂസിലാൻഡിന് സമ്മാനമായി ലഭിക്കുന്നത് വിജയികൾക്കുള്ള ടെസ്റ്റ് മെയ്സും 1.6 ദശലക്ഷം യു എസ് ഡോളറുമാണ്. അതായത് 11,87,71,280 രൂപ. രണ്ടാം സ്ഥാനക്കാരായ ഇന്ത്യക്ക് ലഭിക്കുന്നത് 800,000 യു എസ് ഡോളറാണ്. 5,93,85,640 രൂപ.
ചാമ്പ്യന്മാരുടെ പോരാട്ടം എന്ന് വിശേഷിപ്പിക്കപ്പെട്ട ഫൈനലിൽ ഇന്ത്യയേക്കാൾ ഒരു പടി മുന്നിൽ നിന്ന കീവീസിനെ മഴയും തുണയ്ക്കുകയായിരുന്നു. ഭൂരിഭാഗം സമയവും മഴ കൊണ്ടു പോയ മത്സരം റിസർവ് ദിനത്തിലേക്ക് നീങ്ങിയപ്പോൾ മഴ മാറി നിന്നു. ബൗളർമാർക്ക് കാര്യമായ ആനുകൂല്യം പിച്ചിൽ നിന്നും ലഭിക്കാതിരുന്ന ആറാം ദിനത്തിൽ 139 എന്ന ചെറിയ വിജയ ലക്ഷ്യം കരുതലോടെ പിന്തുടർന്ന കീവീസ് 2 വിക്കറ്റ് നഷ്ടത്തിൽ വിജയം കാണുകയായിരുന്നു. കേവലം 7 ഓവറുകൾ മാത്രമായിരുന്നു അപ്പോൾ അവശേഷിച്ചിരുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി നടന്ന ആറ് ടെസ്റ്റ് പരമ്പരകളില്‍ അഞ്ചിലും ഇന്ത്യ ജയിച്ചിരുന്നു. ന്യൂസിലാൻഡിനെതിരെ അവരുടെ നാട്ടിലായിരുന്നു ഇന്ത്യയുടെ ഏക പരമ്പര നഷ്ടം. ഫൈനലിലും ഇന്ത്യ പരാജയം ആവർത്തിച്ചപ്പോൾ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് കിരീടം കീവീസ് നായകൻ കെയ്ൻ വില്ല്യംസണിന്റെ നേതൃപാടവത്തിനുള്ള അംഗീകാരമായി.
Discussion about this post