കാസര്‍കോട്: അതിക്രമം നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വളരെ എളുപ്പത്തില്‍ പരാതിപ്പെടാനുള്ള പദ്ധതിയാണ് ‘രക്ഷാദൂത്’. ഗാര്‍ഹിക പീഡനത്തില്‍ നിന്ന് വനിതകളെ സംരക്ഷിക്കാന്‍ സംസ്ഥാന വനിത ശിശു വികസന വകുപ്പ് തപാല്‍ വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയാണിത്. അതിക്രമത്തിന് ഇരയായ സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ പദ്ധതി പ്രയോജനപ്പെടുത്താം.
അടുത്തുള്ള പോസ്റ്റ് ഓഫിസില്‍ എത്തി ‘തപാല്‍’ എന്ന് കോഡ് പറഞ്ഞാല്‍ പോസ്റ്റ്മാസ്റ്റര്‍ സഹായത്തോടെ മേല്‍വിലാസം പിന്‍കോഡ് സഹിതം പേപ്പറില്‍ എഴുതി ലെറ്റര്‍ ബോക്സില്‍ നിക്ഷേപിക്കാം. അല്ലെങ്കില്‍ അതിക്രമം അനുഭവിക്കുന്ന സ്ത്രീക്കോ കുട്ടിക്കോ ഇതു ചെയ്യുന്നതിനായി ഒരു വെള്ളപേപ്പറില്‍ പൂര്‍ണമായ മേല്‍വിലാസം എഴുതി ലെറ്റര്‍ ബോക്സില്‍ നിക്ഷേപിക്കുമ്പോള്‍ കവറിനു പുറത്ത് തപാല്‍ എന്ന് എഴുതിയാല്‍ മതി.
ഇങ്ങനെ ലഭിക്കുന്ന പരാതികള്‍ ഇ-മെയില്‍ വഴി വനിത ശിശു വകുപ്പിന് അയച്ചുകൊടുക്കും. അതത് ജില്ലകളിലെ വനിത സംരക്ഷണ ഓഫിസര്‍മാരും കുട്ടികളുടെ പരാതികള്‍ ജില്ല ശിശു സംരക്ഷണ ഓഫിസര്‍മാരും അന്വേഷിച്ച് നടപടികള്‍ സ്വീകരിക്കും. പദ്ധതി പ്രകാരം പരാതിപ്പെടുമ്പോള്‍ പരാതിക്കാരുടെ മേല്‍വിലാസം മാത്രം രേഖപ്പെടുത്തുന്നതുകൊണ്ട് പരാതിയുടെ രഹസ്യസ്വഭാവം പുറത്തുവരുന്നില്ല. പരാതികള്‍ എഴുതാന്‍ കഴിയാത്തവരെയും പീഡനങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ സഹായിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കാസര്‍കോട് മഹിള ശക്തികേന്ദ്രവുമായി ബന്ധപ്പെടാം. ഫോണ്‍: 9400088166.
Discussion about this post