കണ്ണൂർ: കള്ളക്കടത്ത് സംഘങ്ങള്‍ക്ക് പ്രവര്‍ത്തകര്‍ ലൈക്കടിക്കരുതെന്ന് പറഞ്ഞ ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജറിനൊപ്പമുള്ള സ്വർണ്ണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നു. എം. ഷാജര്‍, ഡിവൈഎഫ്‌ഐ നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യ എന്നിവരോടൊപ്പം അര്‍ജുന്‍ ആയങ്കി നില്‍ക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഇതോടെ സ്വർണ്ണക്കടത്ത് കേസിൽ സിപിഎം കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്.
അര്‍ജുന്‍ ആയങ്കിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും മൂന്ന് വര്‍ഷം മുന്‍പ് തന്നെ പുറത്താക്കിയതാണെന്നുമുള്ള ന്യായീകരണവുമായി മുതിർന്ന സിപിഎം നേതാക്കൾ നേരത്തെ രംഗത്ത് വന്നിരുന്നു. എന്നാൽ അർജുൻ നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങൾ തുടർച്ചയായി പുറത്തു വരുന്നതോടെ ന്യായീകരിക്കാൻ പഴുത് നഷ്ടപ്പെട്ട അവസ്ഥയിലാണ് സിപിഎം.
തനിക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന ആയങ്കിയുടെ ന്യായീകരണ പോസ്റ്റിനു ലൈക്ക് അടിച്ച് പ്രോത്സാഹിപ്പിച്ചത് പാര്‍ട്ടി അനുകൂലികള്‍ തന്നെയായിരുന്നു. ഇത് മനപ്പൂർവ്വമാണോ അതോ അബദ്ധമാണോ എന്നാണ് സോഷ്യൽ മീഡിയ പരിഹാസമുതിർക്കുന്നത്.












