കൊല്ലം: പോരുവഴിയില്‍ സ്ത്രീധന പീഡനത്തിന് ഇരയായി മരിച്ച വിസ്മയയുടെ വീട്ടില്‍ സന്ദർശനം നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. വിസ്മയയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ഗവർണർ വികാരഭരിതനായി. സ്ത്രീധനമെന്ന സാമൂഹികതിന്മ തുടച്ചുമാറ്റപ്പെടണമെന്നും, അതിനായി കേരളത്തിലെ യുവാക്കള്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സ്ത്രീധനത്തിനെതിരെ ശക്തമായ പ്രതികരണം വേണമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സ്ത്രീധനത്തോട് നോ പറയാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണമെന്നും അദ്ദേഹം പ്രതികരിച്ചു. കേരളത്തിലെ സ്ത്രീകൾ ആത്മവിശ്വാസമുള്ളവരാണ്. പല മേഖലകളിലും കേരളം മുന്നിലാണ്. പക്ഷേ, സ്ത്രീധനം പോലുള്ള പൈശാചിക പ്രവണതകളും നിലനിൽക്കുന്നുണ്ട്. എല്ലാ കാര്യത്തിലും മുന്നിലായ കേരളം ഇത്തരം കാര്യങ്ങളിൽ പിന്നിലാണ്. സ്ത്രീധനത്തിനെതിരെ ബോധവൽക്കരണം അനിവാര്യമാണ്. ഇതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
‘സ്ത്രീധനം ആവശ്യപ്പെടുന്നതും നല്‍കുന്നതുമായ രീതി ഒരിക്കലും പ്രോത്സാഹിപ്പിക്കപ്പെടരുത്. സ്ത്രീധനത്തിനെതിരെ കൂട്ടായ പരിശ്രമം വേണം. സ്ത്രീധനം കൊടുക്കുന്നുണ്ടെന്ന് അറിഞ്ഞാല്‍ വിവാഹത്തിന് പങ്കെടുക്കില്ലെന്ന് പറയുന്ന സാഹചര്യം ഉണ്ടാവണം. ആണ്‍വീട്ടുകാര്‍ സ്ത്രീധനം ചോദിച്ചാല്‍ ആ ബന്ധവുമായി മുന്നോട്ടുപോവില്ലെന്ന് പറയാന്‍ പെണ്‍വീട്ടുകാര്‍ തയ്യാറാവണം.’ അദ്ദേഹം പറഞ്ഞു.
‘പ്രളയകാലത്ത് സന്നദ്ധപ്രവര്‍ത്തനത്തിന് യുവാക്കളെ ആവശ്യമുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ വെറും 24 മണിക്കൂറിനുള്ളില്‍ 73,000 യുവാക്കള്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനമാണിത്. അതുകൊണ്ട് കേരളത്തിലെ ജനങ്ങളുടെ കാര്യത്തില്‍ സംശയമില്ല. സ്ത്രീധനമെന്ന സാമൂഹികതിന്മ തുടച്ചുമാറ്റപ്പെടണമെന്നും, അതിനായി കേരളത്തിലെ യുവാക്കള്‍ രംഗത്തിറങ്ങണം” അദ്ദേഹം ആഹ്വാനം ചെയ്തു.
അതേസമയം, കേസില്‍ അറസ്റ്റിലായ കിരണ്‍ കുമാറിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ശാസ്താംകോട്ട കോടതിയുടേതാണ് ഉത്തരവ്. വിസ്മയയുടെ മരണം നടന്ന പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫൊറന്‍സിക് സര്‍ജന്‍ നേരിട്ടെത്തി പരിശോധന നടത്തും. വിസ്മയ ശുചിമുറിയില്‍ തൂങ്ങി നില്‍ക്കുന്നത് ഭര്‍ത്താവ് കിരണ്‍ കുമാര്‍ മാത്രമാണ് കണ്ടിട്ടുളളത്. അതിനാലാണ് കൊലപാതക സാധ്യത ഇപ്പോഴും പൊലീസ് തളളിക്കളയാത്തതും. വിസ്മയയെ മര്‍ദിക്കാന്‍ ബന്ധുക്കളുടെ പ്രേരണയുണ്ടായിരുന്നോ എന്ന കാര്യത്തിലടക്കം വ്യക്തത വരുത്താന്‍ കിരണിനെ കസ്റ്റഡിയിലെടുത്തുളള ചോദ്യം ചെയ്യലിലൂടെ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
Discussion about this post