മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഇന്നും സ്വർണ്ണം പിടികൂടി. വ്യാഴാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് മൂന്നു കിലോയിലേറെ സ്വര്‍ണ മിശ്രിതമാണ് പിടികൂടിയത്. വിപണിയില്‍ ഏകദേശം 1.2 കോടിയിലേറെ രൂപ വിലവരുന്ന സ്വര്‍ണമാണ് വ്യാഴാഴ്ച പുലര്‍ച്ചെവരെ നടത്തിയ പരിശോധനയില്‍ പിടികൂടിയിരിക്കുന്നത്.
വടകര സ്വദേശി കുനിയത്ത് മുസ്തഫയില്‍നിന്ന് 1320 ഗ്രാം സ്വര്‍ണ മിശ്രിതമാണ് പിടികൂടിയത്. സോക്‌സിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇയാളില്‍നിന്ന് പിടിച്ചെടുത്ത സ്വര്‍ണത്തിന് ഏകദേശം 53 ലക്ഷത്തോളം രൂപ വിലവരും.
മലപ്പുറം സ്വദേശി ലുഖ്മാനിൽ നിന്നും 1086 ഗ്രാം സ്വര്‍ണമിശ്രിതത്തിനൊപ്പം 50 ഗ്രാമിന്റെ സ്വര്‍ണമാലയും കസ്റ്റംസ് പിടികൂടി. വിപണിയില്‍ ഏകദേശം 46 ലക്ഷത്തോളം രൂപ വിലവരുന്നതാണിതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കാസര്‍കോട് ഉപ്പള സ്വദേശിയായ ഷാഫിയിൽ നിന്നും 1030 ഗ്രാം സ്വര്‍ണ മിശ്രിതമാണ് പിടിച്ചെടുത്തത്. ഡി.ആര്‍.ഐ. നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്.
പിടിയിലായ ഷാഫിയും ലുഖ്മാനും പാന്റ്‌സിനുള്ളിലെ രഹസ്യഅറകളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണമിശ്രിതം കടത്താന്‍ ശ്രമിച്ചത്. ബെല്‍റ്റ് രൂപത്തിലായിരുന്നു ഇവ പാന്റ്‌സിനുള്ളില്‍ ഒളിപ്പിച്ചിരുന്നത്. പിടിച്ചെടുത്ത സ്വര്‍ണ മിശ്രിതം ഉരുക്കി നോക്കിയാല്‍ മാത്രമേ എത്ര ഗ്രാം സ്വര്‍ണമുണ്ടെന്ന യഥാര്‍ഥ കണക്ക് ലഭിക്കുകയുള്ളൂ.
Discussion about this post