ഗാസിയാബാദ്: മുസ്ലീങ്ങൾ ഇന്ത്യ വിടണമെന്ന് ആവശ്യപ്പെടുന്നവർ ഹിന്ദുത്വ വിരോധികളെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. ആൾക്കൂട്ട അക്രമങ്ങൾ ഹിന്ദുത്വത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു. പശു വിശുദ്ധ മൃഗമാണെന്നും എന്നാൽ ആൾക്കൂട്ട അക്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ഇന്ത്യക്കാരുടെയും ഡി എൻ എ ഒന്നാണ്. ഹിന്ദുവും മുസ്ലീമും ഭിന്നരല്ല. ആരാധനാ സമ്പ്രദായങ്ങളിൽ വ്യത്യാസമുണ്ടാകും. നമ്മൾ ജീവിക്കുന്നത് ഒരു ജനാധിപത്യ സമൂഹത്തിലാണ്. ഇവിടെ ഹിന്ദുവിനോ മുസ്ലീമിനോ മേധാവിത്വമില്ല. ഇവിടെ ഇന്ത്യക്കാർ മാത്രമേ ഉള്ളൂവെന്നും മോഹൻ ഭാഗവത് പറഞ്ഞു.
രാജ്യത്ത് ഐക്യമില്ലാതെ വികസനം സാധ്യമല്ല. ഐക്യത്തിന്റെ ആധാരം ദേശീയതയും പൂർവ്വികരുടെ മഹത്വവുമാണെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾക്ക് സ്വയം ഹിന്ദു എന്ന വിശേഷണം ആവശ്യമില്ലെങ്കിൽ ഇന്ത്യൻ എന്ന വിശേഷണം സ്വീകരിക്കാം. എല്ലാ വൈജാത്യങ്ങൾക്കും അതീതമായി ദേശസ്നേഹത്തോടെ സഹവസിക്കാമെന്നും മോഹൻ ഭാഗവത് പറഞ്ഞു. ഗാസിയാബാദിൽ മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post