കൊച്ചി: കേരളം ഉപേക്ഷിച്ച് തെലങ്കാനയിൽ നിക്ഷേപം നടത്താനുള്ള തീരുമാനത്തിന് പിന്നാലെ കിറ്റെക്സ് ചെയർമാൻ സാബു എം ജേക്കബിന്റെ സമ്പാദ്യത്തിൽ ഒരാഴ്ചയ്ക്കിടെ 222 കോടിയുടെ വർദ്ധന. കിറ്റെക്സ് ഗാർമെന്റ്സിന്റെ ഓഹരി വിലയിലുണ്ടായ വൻ കുതിപ്പാണ് സാബുവിന്റെ സമ്പാദ്യം വർദ്ധിക്കാൻ കാരണം. കിറ്റെക്സ് ഗാർമെന്റ്സിന്റെ 55 ശതമാനം ഓഹരിയുടെയും ഉടമസ്ഥൻ സാബുവാണ്.
കിറ്റെക്സിന്റെ ഓഹരി വില വെള്ളിയാഴ്ച 20 ശതമാനമാണ് കൂടിയത്. ഇന്നലെയും 20 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. 108.9 രൂപയായിരുന്ന ഓഹരി വില 168.65ലേക്ക് ഉയർന്നു. കിറ്റെക്സിന്റെ മൊത്തം വിപണി മൂല്യം 1121.52 കോടിയായി ഉയർന്നു. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഉണ്ടായ വർദ്ധന 408.32 കോടിയാണ്.
കേരളത്തിൽ ഇനി ഒരു രൂപ പോലും നിക്ഷേപിക്കില്ലെന്ന് സാബു എം ജേക്കബ് നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യവസായ സൗഹൃദത്തിന് ഏകജാലകം നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന കേരളത്തിന് പൊട്ടക്കിണറ്റിൽ വീണ തവളയുടെ അവസ്ഥയാണെന്ന് അദ്ദേഹം പരിഹസിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ എന്ത് നടക്കുന്നുവെന്ന് സർക്കാരിനോ വ്യവസായ വകുപ്പിനോ അറിയില്ല. നിരവധി ആളുകൾ ഇവിടെ നിക്ഷേപം നടത്തി ആത്മഹത്യയിലേക്കും കടക്കെണിയിലേക്കും പോകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post