കൊല്ലം: കുണ്ടറ പീഡന കേസിൽ പൊലീസ് കേസെടുത്തു. ബാറുടമയും എന്‍സിപി നിർവാഹക സമിതി അംഗവുമായ പത്മാകരനും രാജീവിനും എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി 354 സ്ത്രീത്വത്തെ അപമാനിച്ചു, ഐപിസി 509/34 ലൈംഗിക ചുവയോടെ സംസാരിക്കുക എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ ഐപിസി 354 ജാമ്യമില്ലാ വകുപ്പാണ്.
പ്രതികൾക്കെതിരെ കേസെടുത്ത സാഹചര്യത്തിൽ ഇരുവരെയും ഇന്നോ നാളെയോ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. ഇന്നലെ പരാതിക്കാരിയുടെ വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുക്കാൻ തീരുമാനിച്ചത്.
പൊലീസിനെതിരായ ആരോപണങ്ങളും അന്വേഷിക്കും. പരാതിയുമായി ചെന്നപ്പോള്‍ പൊലീസ് ഒഴിവാക്കാന്‍ ശ്രമിച്ചെന്ന് യുവതി ആരോപിച്ചിരുന്നു. കൊല്ലത്തെ പ്രാദേശിക എന്‍സിപി നേതാവിന്റെ മകളാണ് പരാതിക്കാരി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു പരാതിക്കാരിയായ യുവതി. പ്രചാരണത്തിനിടെ യുവതിയെ വിളിച്ചു വരുത്തി പത്മാകരന്‍ കൈയില്‍ കടന്നു പിടിച്ചെന്നാണ് പരാതി. കൈയിൽ കടന്നു പിടിച്ചെന്ന പരാതിക്ക് പുറമെ യുവതിയുടെ പേരില്‍ വ്യാജ ഐഡിയുണ്ടാക്കി മോശം പ്രചാരണം നടത്തിയെന്നും പരാതിയിൽ പറയുന്നു.
തുടർന്ന് യുവതിയുടെ അച്ഛനെ ശശീന്ദ്രൻ വിളിച്ചിരുന്നു. പാര്‍ട്ടി അംഗങ്ങള്‍ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രയാസമില്ലാത്ത രീതിയില്‍ തീര്‍ക്കണം. അത് വിവാദമാക്കേണ്ടതില്ല എന്നതായിരുന്നു മന്ത്രിയുടെ ആവശ്യം.
അതേസമയം പരാതിയിൽ ഉറച്ചു നിൽക്കുന്നതായി യുവതി പറഞ്ഞു. മന്ത്രി എ കെ ശശീന്ദ്രന്റെ ഭാഗത്തുനിന്നുണ്ടായ നടപടി തെറ്റാണ്. ഉചിതമായ നടപടി മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി യുവതി പറഞ്ഞു.
Discussion about this post