പാരിസ് : കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽനിന്നു പുറത്തുകടക്കാൻ ഇന്ത്യ പാടുപെടുന്നതിനിടെ ഫ്രാൻസിൽ നാലാം തരംഗം തുടങ്ങിയതായി റിപ്പോർട്ട്. ഇതേത്തുടർന്ന്, സിനിമ തിയറ്ററുകൾ, മ്യൂസിയങ്ങൾ, കായിക വേദികൾ എന്നിവിടങ്ങളിൽ വരുന്നവർ കോവിഡ് വാക്സിനേഷന്റെ തെളിവ് നൽകുകയോ നെഗറ്റീവ് ആണെന്ന പരിശോധന റിപ്പോർട്ട് ഹാജരാക്കുകയോ വേണമെന്നു സന്ദർശകരോട് ആവശ്യപ്പെട്ടു തുടങ്ങി. 50ൽ അധികം ആളുകളുള്ള എല്ലാ ചടങ്ങുകൾക്കും സ്ഥലങ്ങളിലും ‘ഹെൽത്ത് പാസ്’ നിർബന്ധമാക്കി.
പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കാത്തവരിലാണു പുതിയ അണുബാധ കാണുന്നതെന്നും അതിനാൽ നിയന്ത്രണങ്ങൾ അനിവാര്യമാണെന്നും പ്രധാനമന്ത്രി ജീൻ കാസ്റ്റെക്സ് ന്യായീകരിച്ചു. ബുധനാഴ്ച 21,000 പേരിലാണു കോവിഡ് സ്ഥിരീകരിച്ചത്. മേയ് മാസത്തിലേതിനു ശേഷമുള്ള ഏറ്റവും കൂടിയ നിരക്കാണിത്.
‘നമ്മൾ നാലാം തരംഗത്തിലാണ്. രാജ്യവ്യാപകമായി നാലാമത്തെ ലോക്ഡൗൺ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണു ഹെൽത്ത് പാസ് നിർബന്ധമാക്കിയത്’– ജീൻ കാസ്റ്റെക്സ് പറഞ്ഞു . സ്വാതന്ത്ര്യം ലംഘിക്കുന്നുവെന്ന് ആരോപിച്ചു വാക്‌സീൻ നിരസിക്കുന്നവരെ ആരോഗ്യമന്ത്രി ഒലിവിയർ വെറാൻ കുറ്റപ്പെടുത്തി.
‘നികുതി വെട്ടിക്കുന്നതോ മോട്ടോർവേയിൽ തെറ്റായ വഴിയിൽ വാഹനം ഓടിക്കുന്നതോ റസ്റ്ററന്റിൽ പുകവലിക്കുന്നതോ വാക്സീൻ എടുക്കാതിരിക്കുന്നതോ അല്ല സ്വാതന്ത്ര്യം. സ്വയവും മറ്റുള്ളവരെയും സംരക്ഷിക്കുന്നതാണു വാക്സീൻ’. മന്ത്രി പാർലമെന്റിൽ പറഞ്ഞു. ഫ്രഞ്ച് ജനസംഖ്യയുടെ 56 ശതമാനം അതായത്, ഏകദേശം 38 ദശലക്ഷം പേർക്കു ഒരു ഡോസ് വാക്സീൻ ലഭിച്ചിട്ടുണ്ടെന്നാണു കണക്ക്.
ഏകദേശം 46 ശതമാനം പേർക്കു രണ്ടു ഡോസ് വാക്സീനും ലഭിച്ചിട്ടുണ്ട്. വേനൽക്കാലം അവസാനിക്കുന്നതിനു മുൻപ് 50 ദശലക്ഷം പേർക്കെങ്കിലും ഒരു ഡോസ് വാക്സീൻ എങ്കിലും നൽകാനാണു സർക്കാർ ലക്ഷ്യമിടുന്നത്.
Discussion about this post